മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി 2026 എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആഴ്സണല്‍. കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗണ്ണേഴ്സ് ജയിച്ചുകയറിയത്. ഗണ്ണേഴ്സിന്റെ 18ാം എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ് കിരീടമാണിത്.
പെപ് ഗ്വാര്‍ഡിയോളയുടെ പടിയിറക്കത്തിന് ശേഷം പുതിയ പരിശീലകന്റെ കീഴില്‍ ആദ്യ മേജര്‍ പോരാട്ടത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ന്നടിയുകയായിരുന്നു. തുടക്കം തന്നെ തോല്‍വിയോടെയാണ് എന്‍സോ മാരെസ്‌കയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയത്.
1906ന് ശേഷം ഒരു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ആദ്യ മത്സരത്തില്‍ തന്നെ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 1906ല്‍ പരിശീലകനായ ആദ്യ മത്സരത്തില്‍ തന്നെ ഹാരി ന്യൂബോള്‍ഡിന്റെ കീഴിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് ഗോളുകള്‍ വഴങ്ങിയത്.
അന്നും ഇതേ ആഴ്സണല്‍ തന്നെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. 4-1നായിരുന്നു പീരങ്കിപ്പടയുടെ വിജയം. പെപ്പിന്റെ പിന്‍ഗാമിയായി ടീമിലെത്തിയ എന്‍സോ മാരെസ്‌കക്ക് അരങ്ങേറ്റ മത്സരത്തില്‍ തന്നെ കാലിടറിയത് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്കും വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്.
മത്സരത്തില്‍ ഗണ്ണേഴ്‌സിനായി റിക്കാര്‍ഡോ കലാഫിയോറി, കൈ ഹാവെര്ട്സ്, മാര്‍ട്ടിന്‍ ഒദെഗാര്‍ഡ് എന്നിവരാണ് ഗോള്‍ നേടിയത്. മത്സരം ആരംഭിച്ച 23ാം സെക്കന്‍ഡില്‍ തന്നെ സിറ്റിസണ്‍സിനെ നിഷ്പ്രഭനാക്കി കലാഫിയോറി വലകുലുക്കിയിരുന്നു. ലൂയീസ് സ്‌കെല്ലിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.
പിനീട് 28ാം മിനിട്ടില്‍ കൈ ഹവേര്‍ട്‌സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 48ാം മിനിട്ടില്‍ ഒഡ്ഗാര്‍ഡിലൂടെ ആഴ്സണല്‍ മൂന്നാം ഗോളും നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പതനം പൂര്‍ത്തിയാക്കി.
അതേസമയം ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ കോവെന്‍ട്രിക്കെതിരെയാണ് ആഴ്സണല്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.
നവംബര്‍ 28നാണ് സിറ്റിയും ആഴ്സണലും പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഈ വമ്പന്‍ പോരാട്ടത്തിന് ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദിയാവുക.
Content Highlight: Enzo Maresca face a big setback in first match with Manchester city