| Monday, 10th February 2025, 1:38 pm

പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൂര്‍ ബാലൻ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൂര്‍ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 75 വയസായിരുന്നു.

പാലക്കാട്-ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയാണ് അദ്ദേഹത്തിന്റെ സ്വദേശം. കല്ലൂര്‍ അരങ്ങാട്ടുവീട്ടിൽ വേലുവിന്‍റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണനാണ് പിന്നീട് കല്ലൂര്‍ ബാലൻ എന്നറിയപ്പെട്ടത്.

പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവല്‍, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകള്‍ ഇതുവരെ കല്ലൂര്‍ ബാലന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം കൊണ്ട് പച്ചപിടിപ്പിച്ചയാളാണ് ബാലന്‍.

വേനല്‍ക്കാലത്ത് കാട്ടിലെത്തി വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക, മലയിലെ പാറകള്‍ക്കിടയില്‍ കുഴി ഉണ്ടാക്കി പക്ഷികള്‍ക്കും പ്രാണികള്‍ക്കും വെള്ളം എത്തിക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബാലൻ 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിൻ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിൽ വൃക്ഷങ്ങളാൽ സമ്പന്നമാക്കിയിരുന്നു.

പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയിലൊരു പച്ച ബാന്‍ഡും ധരിക്കുന്നതായിരുന്നു കല്ലൂര്‍ ബാലന്‍റെ സ്ഥിരമായുള്ള വേഷം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതിയോടിണങ്ങി ജീവിച്ചിരുന്ന കല്ലൂര്‍ ബാലൻ നാട്ടുകാരുടെ സ്വന്തം ബാലേട്ടനാണ്. പാലക്കാട് -ഒറ്റപ്പാലം റോഡിൽ മാങ്കുറിശി കല്ലൂര്‍മുച്ചേരിയിലാണ് വീട്. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.

Content Highlight: Environmental activist Kallur Balan passed away

We use cookies to give you the best possible experience. Learn more