| Monday, 9th March 2026, 9:05 am

ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ഇനിയും പൂര്‍ത്തിയാകാത്ത വലിയ ദൗത്യം; ചീഫ് ജസ്റ്റിസ്

നിഷാന. വി.വി

ന്യൂദല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നത് ഇനിയും പൂര്‍ത്തിയാകാത്ത ഒരു വലിയ ദൗത്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

കൂടുതല്‍ സ്ത്രീകളെ ബെഞ്ചിലേക്ക് ഉയര്‍ത്തുന്നത് പരിഗണിക്കാന്‍ ഹൈക്കോടതി കൊളീജിയങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഇന്ത്യന്‍ വുമണ്‍ ഇന്‍ ലോ എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ഹൈക്കോടതികളിലായുളള 781 ജഡ്ജിമാരില്‍ ആകെയുളളത് 116 വനിതാ ജഡ്ജിമാര്‍ മാത്രമാമെന്നും 2021 സെപ്റ്റംബര്‍ മുതല്‍ സുപ്രീം കോടതിയില്‍ ഒരു വനിതാ ജഡ്ജിയേയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ ജഡ്ജിമാരാവുമ്പോള്‍ സമൂഹത്തിലെ വ്യത്യസ്ത ജീവിതാനുഭവങ്ങളില്‍ നിന്നുള്ള കാഴ്ചപ്പാടുകള്‍ നീതിനിര്‍വ്വഹണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ശരിയായി മനസിലാക്കി നീതിയുറപ്പാക്കുന്ന വ്യവസ്ഥയുണ്ടെന്ന ബോധ്യം ലഭിക്കാന്‍ ഇത് സഹായകമാവുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കുള്ള പരിഗണനാ മേഖല വിശാലമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു. പ്രായപരിധി കര്‍ശനമായി പാലിക്കാത്തതിനാല്‍ മാത്രം ഉദ്യോഗാര്‍ത്ഥികളെ നിരസിക്കരുതെന്നും അദ്ദേഹം ഹൈക്കോടതികളോട് ആവശ്യപ്പെട്ടു.

വനിതാ പ്രാതിനിധ്യം ആവശ്യത്തിന് വേണമെന്ന ആശങ്ക പരിഹരിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രണ്ട് ഹൈക്കോടതികളില്‍ വനിതാ ചീഫ് ജസ്റ്റിസുമാരുണ്ടെന്നും ജസ്റ്റിസ് ലിസ ഗില്ലിന്റെ സ്ഥാനക്കയറ്റത്തോടെ ഈ എണ്ണം മൂന്നായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ 18 സിറ്റിംഗ് വനിതാ ജഡ്ജിമാരുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. ‘ആരുടേയും ശ്രമങ്ങളും കഠിനാധ്വാനവും വെറുതെയാവുന്നില്ലെന്ന് ബെഞ്ചില്‍ സ്ഥാനം പിടിക്കുന്ന ഓരോ സ്ത്രീയും ഇപ്പോഴും തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്, ചീഫ് ജസ്റ്റിസ് പറഞ്ഞു.

Content Highlight: Ensuring women’s representation in Indian judiciary is a huge task that is yet to be completed: Chief Justice

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more