ന്യൂദല്‍ഹി: ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉടന്‍ തന്നെ ലജ്ജിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് അമിത് ഷായുടെ പരാമര്‍ശം. ഭാഷാ വിവാദങ്ങള്‍ ശക്തമാക്കുന്നതിനിടെ ഇംഗ്ലീഷിനെതിരെയും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും വിദേശ ഭാഷകളേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഭാഷാപരമായ പൈതൃകം വീണ്ടെടുക്കുന്നതിന് രാജ്യമെമ്പാടും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ലജ്ജ തോന്നും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. നമ്മുടെ രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരല്ല,’ അമിത് ഷാ പറഞ്ഞു.
നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, നമ്മുടെ ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാന്‍ ഒരു വിദേശ ഭാഷയും മതിയാകില്ലെന്നും പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിരന്തരമായി കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും തമ്മില്‍ ത്രിഭാഷ നയത്തെ സംബന്ധിച്ചും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമത്തെ കുറിച്ചും വിവാദങ്ങളും വാഗ്‌വാദങ്ങളും നടക്കുന്നതിനിടെയിലാണ് ഇംഗ്ലീഷിനെതിരായ അമിത് ഷായുടെ പരാമര്‍ശം.
Content Highlight: English speakers will be ashamed; the idea of a complete India cannot be imagined through half-baked foreign languages: Amit Shah