യുവേഫ ചാമ്പ്യൻസ് ലീഗിൽ 2025ൽ സ്പാനിഷ് ടീമുകൾക്ക് മേൽ ആധിപത്യം സ്ഥാപിച്ച് ഇംഗ്ലീഷ് ക്ലബ്ബുകൾ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തോട് കൂടി ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വിരാമമായിരിക്കുകയാണ്. ഇനി അടുത്ത മാസമാണ് ടൂർണമെന്റിലെ മത്സരങ്ങൾ പുനരാരംഭിക്കുക. 2026 ജനുവരി 20 മുതലാണ് ചാമ്പ്യൻസ് ലീഗിൽ ഇനി പന്തുരുളുക.
ഇതുവരെ ആറ് മാച്ച് ഡേകളാണ് ടൂർണമെന്റിൽ നടന്നത്. അതിൽ ഓരോ ടീമും ആറ് മത്സരങ്ങൾ വീതം കളിക്കുകയും ചെയ്തു. ഈ മത്സരങ്ങൾ വിലയിരുത്തുമ്പോൾ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ്ബുകൾക്ക് മേൽ ഇംഗ്ലീഷ് ടീമുകൾക്ക് വ്യക്തമായ മുൻതൂക്കം നേടാൻ സാധിച്ചിട്ടുണ്ട്. ലീഗിൽ 11 തവണയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും ലാലിഗ ക്ലബ്ബുകളും ഏറ്റുമുട്ടിയത്.
റയൽ മാഡ്രിഡിനെ നേരിടുന്ന മാഞ്ചസ്റ്റർ താരങ്ങൾ. Photo: Manchester City/x.com
അതിൽ ഒരു തവണ മാത്രമാണ് സ്പാനിഷ് ടീമുകൾക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതുപോലെ തന്നെ ഒരു തവണ മാത്രമാണ് ലാലിഗ ക്ലബ്ബുകൾ തോൽവി വഴങ്ങാതിരുന്നത്. ബാക്കി ഒമ്പത് മത്സരങ്ങളിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ വിജയക്കൊടി പാറിച്ചു.
ലീഗിലെ അത്‌ലറ്റികോ ബിൽബാവോ – ആഴ്‌സണൽ മത്സരത്തോടെയാണ് രണ്ട് പ്രധാന ടൂർണമെന്റിലെ ക്ലബ്ബുകൾ പോരിനിറങ്ങിയത്. അതിൽ രണ്ട് ഗോൾ അടിച്ച് ആഴ്‌സണൽ വിജയിച്ചു. പിന്നീട് അങ്ങോട്ട് നടന്ന മത്സരങ്ങളിൽ സ്പാനിഷ് ക്ലബ്ബുകൾ പ്രീമിയർ ലീഗ് വമ്പൻമാർക്ക് മുന്നിൽ മുട്ടുമടക്കി. അതാണ് കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡ് – മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലും ആരാധകർ കണ്ടത്.
ബാഴ്‌സലോണ ടീം. Photo: FCBarcelona/x.com
ഈ കാലയളവിൽ സ്പാനിഷ് ടീമിന് ആശ്വസിക്കാൻ സാധിച്ചത് രണ്ട് തവണ മാത്രമാണ്. ന്യൂകാസിൽ – ബാഴ്‌സലോണ മത്സരത്തിലും റയൽ ബെറ്റിസ് – നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരത്തിലുമാണത്. ആദ്യ മത്സരത്തിൽ ബാഴ്‌സ ന്യൂകാസിലിനെ തോൽപ്പിച്ച് സീസണിലെ ഏക സ്പാനിഷ് വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ വിജയം.
അതിന് ശേഷം സ്പാനിഷ് – ഇംഗ്ലീഷ് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഇരു കൂട്ടരും വിജയിക്കുകയോ തോൽക്കുകയോ ചെയ്തില്ല. സമനിലയിലാണ് മത്സരം അവസാനിച്ചത്. റയൽ ബെറ്റിസും നോട്ടിങ്ഹാം ഫോറസ്റ്റും രണ്ട് ഗോൾ വീതമാണ് ഈ മത്സരത്തിൽ നേടിയത്.
(മത്സരം – സ്കോർലൈൻ എന്നീ ക്രമത്തിൽ)
അത്‌ലറ്റികോ ബിൽബാവോ vs ആഴ്‌സണൽ – 0|2
ടോട്ടൻഹാം ഹോട്സ്പർ vs വിയ്യാറയൽ – 1|0
ലിവർപൂൾ vs അത്‌ലറ്റികോ മാഡ്രിഡ് – 3|2
ന്യൂകാസിൽ vs ബാഴ്‌സലോണ – 1|2
റയൽ ബെറ്റിസ് vs നോട്ടിങ്ഹാം ഫോറസ്റ്റ് – 2|2
ആഴ്‌സണൽ vs അത്‌ലറ്റികോ മാഡ്രിഡ് – 4|0
വിയ്യാറയൽ vs മാഞ്ചസ്റ്റർ സിറ്റി – 0|2
ലിവർപൂൾ vs റയൽ മാഡ്രിഡ് – 1|0
ന്യൂകാസിൽ vs അത്‌ലറ്റികോ മാഡ്രിഡ് – 2|0
ചെൽസി vs ബാഴ്‌സലോണ – 3|0
റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി – 1|2
Content Highlight: English Premier League teams collectively dominate against La Liga opposition in Champions League