ന്യൂദൽഹി: ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉടന്‍ തന്നെ ലജ്ജിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന് വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇംഗ്ലീഷ് ഭാഷ ലജ്ജാകരമല്ല, അത് ശാക്തീകരണമാണെന്ന് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം അമിത് ഷായെ വിമർശിച്ചിരിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ പാവപ്പെട്ട കുട്ടികൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അവർ ചോദ്യങ്ങൾ ചോദിക്കുകയും മുന്നോട്ട് വരികയും ചെയ്യും. അത് അവർ ആഗ്രഹിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
‘ഇംഗ്ലീഷ് ഒരു അണക്കെട്ടല്ല, അതൊരു പാലമാണ്. ഇംഗ്ലീഷ് നാണക്കേടല്ല, അത് ശാക്തീകരണമാണ്. ഇംഗ്ലീഷ് ഒരു ചങ്ങലയല്ല, ചങ്ങലകൾ പൊട്ടിക്കാനുള്ള ഒരു ഉപകരണമാണ്. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾ ഇംഗ്ലീഷ് പഠിക്കണമെന്ന് ബി.ജെ.പിയും ആർ.എസ്.എസും ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതും സമൂഹത്തിൽ മുന്നോട്ടെത്തുന്നതും തുല്യത നേടുന്നതും കാണാൻ അവർ ആഗ്രഹിക്കുന്നില്ല.
ഇംഗ്ലീഷ് ഒരാളുടെ മാതൃഭാഷയെപ്പോലെ തന്നെ പ്രധാനമാണ്. കാരണം അത് തൊഴിൽ നൽകുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ആത്മാവും സംസ്കാരവും അറിവും ഉണ്ട്. നാം അവയെ പരിപാലിക്കണം, അതേ സമയം എല്ലാ കുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിക്കണം. ലോകത്തോട് മത്സരിക്കുന്ന, എല്ലാ കുട്ടികൾക്കും തുല്യ അവസരം നൽകുന്ന ഒരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള പാതയാണിത്,’ അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ലജ്ജ തോന്നുമെന്നും അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ലജ്ജ തോന്നും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. നമ്മുടെ രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരല്ല,’ അമിത് ഷാ പറഞ്ഞു.
നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, നമ്മുടെ ചരിത്രം, നമ്മുടെ മതം എന്നിവ മനസിലാക്കാന്‍ ഒരു വിദേശ ഭാഷയും മതിയാകില്ലെന്നും പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിരന്തരമായി കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും തമ്മില്‍ ത്രിഭാഷ നയത്തെ സംബന്ധിച്ചും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമത്തെ കുറിച്ചും വിവാദങ്ങളും വാഗ്‌വാദങ്ങളും നടക്കുന്നതിനിടെയിലാണ് ഇംഗ്ലീഷിനെതിരായ അമിത് ഷായുടെ പരാമര്‍ശം.
Content Highlight: English empowering, tool to break chains… should be taught to every child: Rahul Gandhi