| Tuesday, 27th January 2026, 10:55 pm

ക്യാപ്റ്റന്റെ ആറാട്ടും റൂട്ടിന്റെ ക്ലാസിക്കും... ലങ്കയെ ചാരമാക്കി ത്രീ ലയണ്‍സിന് പരമ്പര!

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 53 ഫണ്‍സിന് വിജയം സ്വന്തമാക്കിയാണ് ത്രീ ലയണ്‍സ് 2-1ന് പരമ്പര നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലങ്ക 304 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ലങ്കയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് 115 പന്തില്‍ ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെട 121 റണ്‍സ് നേടിയ പവന്‍ രത്‌നയാകെയാണ്. 25 പന്തില്‍ 50 റണ്‍സ് നേടിയ പാത്തും നിസംഗയും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തി. ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ഡ്വാസണ്‍, വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തി.

ത്രീ ലയണ്‍സിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സൂപ്പര്‍ താരം ജോ റൂട്ടുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും തിളങ്ങിയത്. മത്സരത്തില്‍ നാലാമനായി ഇറങ്ങിയ ബ്രൂക്ക് വെറും 66 പന്തില്‍ നിന്ന് ഒമ്പത് സിക്സും 11 ഫോറും ഉള്‍പ്പെടെ 136 റണ്‍സ് നേടിയാണ് മടങ്ങിയത്. 206.6 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നേരിട്ട 57ാം പന്തിലാണ് താരം സെഞ്ച്വറിയിലെത്തിയത്. ഏകദിനത്തില്‍ തന്റെ രണ്ടാം സെഞ്ച്വറിയാണ് ബ്രൂക്ക് സ്വന്തമാക്കിയതും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ 12ാം സെഞ്ച്വറിയാണിത്.

അതേസമയം റൂട്ട് പുറത്താകാതെ 108 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. ഇതോടെ തന്റെ 20ാം ഏകദിന സെഞ്ച്വറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 61ാം സെഞ്ച്വറി നേടാനും റൂട്ടിന് സാധിച്ചു. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ റൂട്ട് നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഇരുവര്‍ക്കും പുറമെ 65 റണ്‍സ് നേടി ജേക്കബ് ബെഥലും തിളങ്ങിയിരുന്നു.

അതേസമയം ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ജെഫ്രി വാണ്ടര്‍സെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

Content Highlight: England Won Three Match ODI Series Against Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more