ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവും. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ആദ്യ പോരാട്ടം നടക്കുന്നത്.
ടി-20 പരമ്പരയില്‍ നാണംകെട്ട തോല്‍വിയില്‍ നിന്നും കരകയറാന്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എന്ത് വിലകൊടുത്തും വിജയിച്ചേ മതിയാകൂ.
ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മറുവശത്ത് ഏകദിന പരമ്പരയിലും ഇന്ത്യക്കെതിരെ വിജയം ആവര്‍ത്തിക്കാനാവും ഇംഗ്ലീഷ് ടീമും ലക്ഷ്യം വെക്കുക.
ഇപ്പോള്‍ ഈ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ നേരിടുന്നതിന്റെ ആവേശത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. കോഹ്‌ലിക്കെതിരെ കളിക്കുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നാണ് ബട്‌ലര്‍ പറഞ്ഞത്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് കോഹ്‌ലിയെന്നും ബട്‌ലര്‍ വ്യക്തമാക്കി.
‘വിരാട് കോഹ്‌ലി ലോകത്തിലെ പ്രശസ്തനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ്. സൂപ്പര്‍ താരങ്ങളില്‍ പോലും ഏറ്റവും വലിയ താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മികവും നേട്ടങ്ങളും വെറും റെക്കോഡുകള്‍ കൊണ്ട് മാത്രം പറയാന്‍ സാധിക്കില്ല. കോഹ്‌ലിയെ പോലൊരു താരത്തിനെതിരെ കളിക്കുന്നത് എപ്പോഴും വലിയ വെല്ലുവിളിയാണ്. അത്തരത്തിലൊരു മത്സരത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ ജോസ് ബട്‌ലര്‍ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ശേഷം ജൂലൈ 16നും ജൂലൈ 19നും രണ്ടും മൂന്നും ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങും. സോഫിയ ഗാര്‍ഡന്‍സിലും ലോര്‍ഡ്‌സിമാണ് മത്സരങ്ങള്‍ നടക്കുക.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.
ഇംഗ്ലണ്ട് സ്‌ക്വാഡ്
ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ജോ റൂട്ട്, ജേക്കബ് ബെഥേല്‍, സാം കറന്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, സാഖിബ് മഹ്‌മൂദ്, ടോം ബാന്റണ്‍, ജോഷ് ടംങ്, ഗസ് അറ്റ്കിന്‍സണ്‍, ജെയിംസ് കോള്‍സ്, റെഹാന്‍ അഹമ്മദ്.
Content Highlight: England wicket keeper Jos Butler talks about Virat Kohli