ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് ചേതേശ്വര്‍ പൂജാര. താരം കഴിഞ്ഞ ദിവസം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. അതിന് പിന്നാലെ, വിരമിക്കല്‍ പ്രഖ്യാപിച്ച വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
ഇപ്പോള്‍ താരത്തിന്റെ വിരമിക്കലിന് കാരണം ദുലീപ് ട്രോഫിയിലും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും പരിഗണിക്കാത്തത് ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ടാണ് ഇതിനെ കുറിച്ച് സൂചന നല്‍കുന്നത്.
‘ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉണ്ടായിരുന്നെങ്കില്‍ അഞ്ചാം മത്സരത്തിന് ശേഷം പൂജാര വിരമിക്കുമായിരുന്നേനെ. ഐ.പി.എല്ലില്‍ കളിക്കാത്തതാണ് അദ്ദേഹത്തിന്റെ വിരമിക്കലിന് പ്രധാന കാരണം.
അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ നിന്നും ദുലീപ് ട്രോഫിയ്ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കി. അങ്ങനെയെങ്കില്‍ സൗരാഷ്ട്രയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുന്നതില്‍ അര്‍ത്ഥമില്ല,’ ഒരു വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഏറെ കാലം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്നാം നമ്പറില്‍ വിശ്വസ്തനായ ബാറ്ററാണ് ചേതേശ്വര്‍ പൂജാര. താരം ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി 103 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നായി താരത്തിന് 7,195 റണ്‍സ് സ്‌കോര്‍ ചെയ്യാനായി.
റെഡ് ബോള്‍ ക്രിക്കറ്റില്‍ പൂജാരയ്ക്ക് 43.6 എന്ന മികച്ച ആവറേജുണ്ട്. കൂടാതെ ഈ ഫോര്‍മാറ്റില്‍ താരം 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.
Content Highlight: England Tour, Duleep Trophy snub forced Cheteshwar Pujara into retirement: Report