| Wednesday, 16th July 2025, 6:11 pm

ബ്രൂക്കിന്റെ അസ്തമയത്തില്‍ റൂട്ടിന്റെ ഉദയം; നേട്ടത്തില്‍ വീണ്ടും ഒന്നാമനായി ഇംഗ്ലണ്ടിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്. നേരത്തെ ഒന്നാം സ്ഥാനക്കാരനായ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൂട്ട് 888 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ 867 പോയിന്റാണ് സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനത്തുള്ള ബ്രൂക്ക് 862 പോയിന്റും നാലാം സ്ഥാനത്തുള്ള ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത് 816 പോയിന്റുമാണ് നേടിയത്. നേരത്തെ നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 801 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ മിന്നും പ്രകടനത്തിനൊടുവിലാണ് ജോ റൂട്ട് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് 387 റണ്‍സടിച്ചത്. 199 പന്ത് നേരിട്ട താരം 10 ഫോര്‍ ഉള്‍പ്പെടെ 104 റണ്‍സ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി 40 റണ്‍സ് നേടി ടോപ് സ്‌കോററാകാനും താരത്തിന് സാധിച്ചിരുന്നു. അതേസമയം ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി. നിലവില്‍ പരമ്പരയില്‍ 2 – 1ന് മുന്നിട്ട് നില്‍ക്കുന്നത് ഇംഗ്ലണ്ടാണ്.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: England star batsman Joe Root is at the top of the ICC Test batting rankings

We use cookies to give you the best possible experience. Learn more