ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 132 റണ്‍സിന് പുറത്താക്കി ഇംഗ്ലണ്ട്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ബൗളിങ് കരുത്തിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.
ആറ് ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്. ട്രാവിസ് ഹെഡ് (35 പന്തില്‍ 21 റണ്‍സ്), കാമറൂണ്‍ ഗ്രീന്‍ (50 പന്തില്‍ 24 റണ്‍സ്), അലക്‌സ് കാരി (26 പന്തില്‍ 26 റണ്‍സ്), മിച്ചല്‍ സ്റ്റാര്‍ക്ക് (12 പന്തില്‍ 12 റണ്‍സ്) സ്‌കോട്ട് ബോളണ്ട് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെയാണ് സ്റ്റോക്‌സ് പുറത്താക്കിയത്. മത്സരത്തില്‍ സ്റ്റോക്‌സിന് പുറമെ ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ബ്രൈഡന്‍ കാഴ്‌സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ മികച്ച ലീഡിലേക്ക് എത്താനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ 40 റണ്‍സിന് ഓസ്‌ട്രേലിയ പിറകിലാണ്. രണ്ടാം ഇന്നിങ്‌സില്‍ മകച്ച സ്‌കോറിലെത്തിയ ശേഷം ഓസീസിനെ പെട്ടന്ന് പുറത്താക്കി വിജയത്തിലെത്താമെന്നാണ് ത്രീ ലയണ്‍സ് വിശ്വസിക്കുന്നത്. വിജയം നേടിയാല്‍ ഒരു ചരിത്ര നേട്ടമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നതും. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരം വിജയിക്കാനുള്ള അവസരമാണ് ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനുമുള്ളത്.
നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ കങ്കാരുക്കള്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. ത്രീലയണ്‍സിനായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഒല്ലി പോപ്പ് 58 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി. കൂടാതെ, ജെയ്മി സ്മിത് 22 പന്തില്‍ 33 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും ടീമിനെ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.
അതേസമയം ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്. മാത്രമല്ല താരത്തിന്റെ 17ാം ടെസ്റ്റ് ഫൈഫറാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), ബെന്‍ സ്റ്റോക്‌സ് (6), ജെയ്മി സ്മിത് (33), ഗസ് ആറ്റ്കിന്‍സണ്‍ (1), മാര്‍ക്ക് വുഡ് (0) എന്നിവരെയാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. സ്റ്റാര്‍ക്കിന് പുറമെ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.
Content Highlight: England set to win a Test match in Australia after 14 years