ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ബ്രെണ്ടന്‍ മക്കെല്ലത്തിനെ പുറത്താക്കി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെയാണ് ഈ തീരുമാനം.
ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് 2 – 1 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു. ആഷസിലെ തോല്‍വിയും പരിശീലകന് പുറത്തേക്കുള്ള വഴി തെളിച്ചു. അതേസമയം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മക്കെല്ലം പരിശീലകനായി തുടരും.
നേരത്തെ, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. കിവീസിനെതിരെയുള്ള മൂന്നാം ടെസ്റ്റിന് പിന്നാലെയായിരുന്നു താരത്തിന്റെ പടിയിറക്കം. ഇപ്പോള്‍ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് മക്കെല്ലവും പുറത്താവുന്നതോടെ ഇംഗ്ലണ്ട് ക്രിക്കറ്റിലെ ബാസ് ബോള്‍ യുഗത്തിന് കൂടിയാണ് അന്ത്യമാവുന്നത്.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നും ഒരുമിച്ച് നേടിയ നേട്ടങ്ങളില്‍ എനിക്ക് അതിയായ അഭിമാനവുമു ണ്ടെന്നും മെക്കല്ലം പറഞ്ഞു. പരിശീലക സ്ഥാനത്ത് തുടരാന്‍ സാധിക്കാത്തതില്‍ വിഷമുണ്ടെന്നും ഇനി തന്റെ ശ്രദ്ധ വൈറ്റ് ബോള്‍ ക്രിക്കറ്റിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ടെസ്റ്റ് ടീമിനെ പരിശീലിപ്പിച്ചത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, നമ്മള്‍ ഒരുമിച്ച് നേടിയ നേട്ടങ്ങളില്‍ എനിക്ക് അതിയായ അഭിമാനവുമുണ്ട്. ഈ യാത്രയില്‍ അവിശ്വസനീയമായ ചില മികച്ച നിമിഷങ്ങളും, കഠിനമായ കുറച്ചു ദിവസങ്ങളും ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണ്.
തീര്‍ച്ചയായും, ഇനി തുടരാന്‍ സാധിക്കാത്തതില്‍ എനിക്ക് വലിയ വിഷമമുണ്ട്. എങ്കിലും ഈ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇനി എന്റെ പൂര്‍ണ ശ്രദ്ധ വൈറ്റ് – ബോള്‍ ടീമുകളിലാണ്. ഇംഗ്ലണ്ട് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും,’ മെക്കല്ലം പറഞ്ഞു.
2022ലാണ് മക്കെല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ സ്റ്റോക്‌സിനൊപ്പം ചേര്‍ന്ന് ടെസ്റ്റില്‍ അഗ്രസീവ് ശൈലി കൊണ്ടുവരികയും ആദ്യ 11 ടെസ്റ്റില്‍ ടീം പത്തെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അതിനുശേഷം ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം മോശമായി. ടെസ്റ്റ് ക്രിക്കറ്റില്‍ മെക്കല്ലത്തിന് കീഴില്‍ 27 മത്സരങ്ങള്‍ ത്രീ ലയണ്‍സ് വിജയിച്ചപ്പോള്‍ രണ്ട് സമനിലകളും 20 തോല്‍വികളും വഴങ്ങി. ഓസ്‌ട്രേലിയക്കെതിരെയോ ഇന്ത്യക്കെതിരെയോ ഒരു പരമ്പര വിജയം പോലും നേടാതെയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്.
Content Highlight: England sack Brendon McCullum as Test team coach but remain in White ball cricket