| Tuesday, 22nd September 2026, 6:18 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം!

ശ്രീരാഗ് പാറക്കല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ മാര്‍ക്ക് വുഡ്. 2015ല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മാര്‍ക്ക് വുഡ് തന്റെ 11 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് വിരാമമിട്ടത്.

ത്രീ ലയണ്‍സിനായി 38 ടെസ്റ്റ് മത്സരങ്ങളിലെ 71 ഇന്നിങ്‌സില്‍ നിന്ന് 197 മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 119 വിക്കറ്റുകളാണ് വുഡ് നേടിയത്. 30.08 ആവറേജും 3.33 എക്കോണമിയിലുമാണ് താരത്തിന്റെ ബൗളിങ്. ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി 70 മത്സരങ്ങളിലെ 69 ഇന്നിങ്‌സില്‍ നിന്ന് 80 വിക്കറ്റും വുഡ് നേടി. ടി-20യില്‍ 38 മത്സരത്തിലെ 37 ഇന്നിങ്‌സില്‍ നിന്ന് 54 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.

കരിയറില്‍ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് ലോകകപ്പുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞു. സ്വന്തം മണ്ണില്‍ 2019 ലെ ഏകദിന ലോകകപ്പ് വിജയത്തില്‍ വുഡ് പ്രധാന പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റില്‍ 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2022ലെ ടി-20 ലോകകപ്പുയര്‍ത്താനാണ് പിന്നീട് വുഡ്ഡിന് സാധിച്ചത്. ടൂര്‍ണമെന്റിലെ നാല് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചു.

ഇംഗ്ലണ്ടിനായി നാല് ആഷസ് പരമ്പര കളിച്ച വുഡ് 2015ല്‍ ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തു. 2025-26 ആഷസ് പരമ്പരയില്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മത്സരം. 2025 നവംബറില്‍ നടന്ന മത്സരത്തിന് പിന്നാലെ അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. തുടര്‍ന്നാണ് വുഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2019ലെ ലോകകപ്പ് കിരീടവുമായി മാര്‍ക്ക് വുഡ്‌

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് വലിയൊരു അപ്രതീക്ഷിത തീരുമാനമാകില്ല. ഇത് വിരമിക്കാനുള്ള സ്വാഭാവിക സമയമാണെന്ന് തോന്നുന്നു.

പരിക്കുകളില്‍ നിന്ന് തിരിച്ചെത്തി ആളുകള്‍ക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാനും എനിക്ക് എന്ത് ചെയ്യാനാകുമെന്ന് കാണിക്കാനും ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇത്തവണ ആ പോരാട്ടത്തില്‍ ഞാന്‍ പരാജയപ്പെട്ടു. മെഡിക്കല്‍ നിര്‍ദേശപ്രകാരം ടെസ്റ്റ് ക്രിക്കറ്റിലും 50 ഓവര്‍ ക്രിക്കറ്റിലും ഇനി കളിക്കാന്‍ സാധിക്കില്ല. അതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനായി കളിക്കണമെന്ന സ്വപ്നം പതിയെ എന്നില്‍ നിന്ന് അകന്നുപോയി.

ഇംഗ്ലണ്ടിനായി കളിക്കാനായത് എനിക്ക് ലഭിക്കാമായിരുന്ന ഏറ്റവും വലിയ ബഹുമതിയും സാക്ഷാത്കരിച്ച സ്വപ്നവുമാണ്. ഇംഗ്ലണ്ടിനായി ഇത്രയധികം മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ കുട്ടിക്കാലത്തെ എന്നിലെ ആ കൊച്ചുപയ്യന്‍ ഏറെ സന്തോഷിക്കുമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനും അതിശയകരമായ ആളുകളെ പരിചയപ്പെടാനും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ മാര്‍ക്ക് വുഡ് പറഞ്ഞു.

Content Highlight: England’s super pacer Mark Wood has announced his retirement from international cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more