| Monday, 16th February 2026, 6:58 pm

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് മനം കവര്‍ന്ന് ഇറ്റലി; ഒടുവില്‍ കളി ജയിച്ച് ത്രീ ലയണ്‍സ്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇറ്റലിയെ തകര്‍ത്ത് ഇംഗ്ലണ്ടിന് വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനാണ് ടീം വിജയം സ്വന്തമാക്കിയത്. അതോടെ ഇംഗ്ലണ്ട് സൂപ്പര്‍ 8ലേക്ക് മുന്നേറി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇറ്റലി 178 റണ്‍സിന് പുറത്താവുകയായിരുന്നു. ശക്തമായ ചേര്‍ത്തുനില്‍പ്പ് നടത്തിയാണ് ഇറ്റലി ഇംഗ്ലണ്ടിന് മുന്നില്‍ കീഴടങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് തുടക്കം തന്നെ ജോസ് ബട്‌ലറെ (നാല് പന്തില്‍ മൂന്ന്) നഷ്ടമായിരുന്നു. അതോടെ ഫില്‍ സാള്‍ട്ട് – ജേക്കബ് ബേഥല്‍ സഖ്യം ഒന്നിച്ചു. ഇരുവരും മികച്ച രീതിയില്‍ മുന്നോട്ട് പോകവേ സാള്‍ട്ട് 15 പന്തില്‍ 28 റണ്‍സെടുത്ത് മടങ്ങി. ഏറെ വൈകാതെ 20 പന്തിലും 23 റണ്‍സെടുത്ത് ബേഥലും തിരികെ നടന്നു.

പിന്നാലെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും (ഒമ്പത് പന്തില്‍ 14) ടോം ബാന്റണും (21 പന്തില്‍ 30) പുറത്തായി. ഇതോടെ ഇംഗ്ലണ്ട് അഞ്ചിന് 105 എന്ന നിലയിലേക്ക് കൂപ്പുകുത്തി. വിക്കറ്റ് വീണതിന് പിന്നാലെ സാം കറനും വില്‍ ജാക്സും ഒന്നിച്ചു.

ഇരുവരും 54 റണ്‍സ് ചേര്‍ത്തപ്പോഴേക്കും കറന്‍ കൂടാരം കയറി. 19 പന്തില്‍ 25 റണ്‍സെടുത്താണ് താരം തിരികെ നടന്നത്. അപ്പോഴും പിടിച്ച് നിന്ന ജാക്‌സ് ജെയ്മി ഒവേര്‍ട്ടണുമായി ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അവസാന ഓവറില്‍ ഒവേര്‍ട്ടണ്‍ പുറത്തായി.

ജാക്‌സ് 22 പന്തില്‍ 53 റണ്‍സുമായും ജോഫ്ര ആര്‍ച്ചര്‍ ഒരു പന്തില്‍ ഒരു റണ്‍സുമായി പുറത്താവാതെ നിന്നു. അതോടെ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 202 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇറ്റലിക്കായി ക്രിഷന്‍ കലുഗമഗെയും ഗ്രാന്റ് സ്റ്റുവര്‍ട്ടും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ജെ.ജെ. സ്മട്‌സ്, അലി ഹസന്‍, ബെഞ്ചമിന്‍ മാനെന്റി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇറ്റലിക്ക് നാലാം ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അതോടെ ജസ്റ്റിന്‍ മോസ്‌കയും ബെഞ്ചമിന്‍ മാനെന്റിയും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. പിന്നാലെ 25 പന്തില്‍ 60 റണ്‍സുമായി ബെഞ്ചമിന്‍ തിരികെ നടന്നു.

ഏറെ വൈകാതെ ജസ്റ്റിന്‍ 34 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. അടുത്ത ഓവറില്‍ ടീമിന് രണ്ട് പേരെ കൂടി നഷ്ടമായി. പക്ഷേ, ഗ്രാന്റ് സ്റ്റുവര്‍ട്ട് ക്രീസില്‍ പിടിച്ചുനിന്നു സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി.

എന്നാല്‍, സ്‌കോര്‍ 178ല്‍ നില്‍ക്കെ സ്റ്റുവര്‍ട്ട് കൂടാരം കയറി. 23 പന്തില്‍ 45 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേ സ്‌കോറില്‍ തന്നെ മറ്റ് രണ്ട് താരങ്ങളും പുറത്തായതോടെ ഇംഗ്ലണ്ട് വിജയിച്ചു.

ഇംഗ്ലണ്ടിനായി ഒവേര്‍ട്ടണും കറനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകളും ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: England qualified super 8 by defeating Italy in T20 World Cup 2026

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more