| Thursday, 15th January 2026, 4:45 pm

പാകിസ്ഥാന്‍ വന്ന് ലോകകപ്പ് കളിച്ച ഇന്ത്യയില്‍ പാക് വംശജര്‍ക്ക് വിസയില്ല; ഇംഗ്ലണ്ടിനും തിരിച്ചടി!

ഫസീഹ പി.സി.

ടി -20 ലോകകപ്പിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി. ഇംഗ്ലണ്ട് സ്‌ക്വാഡിലെ രണ്ട് താരങ്ങളുടെ വിസ തടസപ്പെട്ടിരിക്കുകയാണ്. സ്പിന്നര്‍മാരായ ആദില്‍ റഷീദിനും റെഹാന്‍ അഹമ്മദിനുമാണ് വിസ ലഭിക്കാത്തത്. ഇരുവരും പാക് വംശജരായത് കൊണ്ടാണ് വിസയില്‍ കാല താമസം നേരിടുന്നതെന്നാണ് വിവരം.

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് ശ്രീലങ്കയുമായി ടി – 20 പരമ്പരയുണ്ട്. ഇതിനായുള്ള ടീമിനൊപ്പം ഇരുവരും യാത്ര ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദിലും റെഹാനും എന്നാണ് ടീമിനൊപ്പം ചേരാന്‍ സാധിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആദിൽ റഷീദും റെഹാൻ അഹമ്മദും. Photo: Sheri./x.com

എന്നാല്‍, ആദിലിന്റെയും റെഹാനിന്റെയും വിസയ്ക്ക് ഉടന്‍ തന്നെ അനുമതി ലഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് (ഇ.സി.ബി) ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ആദ്യമായല്ല, ഒരു ഇംഗ്ലണ്ട് താരത്തിന് വിസയില്‍ പ്രശ്‌നം നേരിടുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൊഹൈബ് ബഷീറിനും വിസയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

അതിനെത്തുടര്‍ന്ന് ബഷീറിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നഷ്ടമായിരുന്നു. പിന്നാലെ ലണ്ടനില്‍ പോയി വിസ അപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

അതേസമയം, പാക് വംശജരായതിനാല്‍ ലോകകപ്പിന് വിസ ലഭിക്കാത്ത ആദ്യ താരങ്ങളല്ല ആദിലും റെഹാനും. നേരത്തെ നാല് യു.എസ്.എ താരങ്ങള്‍ക്കും വിസ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അലി ഖാന്‍, ഷയാന്‍ ജഹാംഗീര്‍, മുഹമ്മദ് മൊഹ്സിന്‍, എഹ്സാന്‍ ആദില്‍ എന്നിവര്‍ക്കും സമാന പ്രശ്‌നങ്ങള്‍ കാരണം വിസയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

എന്നാല്‍, 2023 ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ വന്ന് ലോകകപ്പില്‍ കളിച്ചിട്ടുണ്ടെന്ന കാര്യവും ഇതിനോട് ചേര്‍ത്ത് വെക്കേണ്ടതാണ്. വെറും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലോകകപ്പിന് പാക് വംശജരായ താരങ്ങള്‍ക്ക് വിസയില്ല എന്നത് വിരോധാഭാസമാണ്.

അതേസമയം, ഫെബ്രുവരി എട്ട് മുതലാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. നേപ്പാളിന് എതിരെയാണ് ആദ്യ മത്സരം.

ടി – 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ടോം ബാന്റണ്‍, ജേക്കബ് ബേഥല്‍, ജോസ് ബട്‌ലര്‍, ബ്രൈഡണ്‍ കാര്‍സ്, സാം കറന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടങ്, ലൂക്ക് വുഡ്

Content Highlight: England players Adil Rashid and Rehan Ahammed’ visas for T20 World Cup delayed

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more