| Monday, 9th June 2025, 1:22 pm

ഇംഗ്ലണ്ടിന് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ സൂപ്പര്‍ താരം പുറത്തായേക്കും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇനി ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ടെന്‍ഡുല്‍ക്കര്‍ ആന്‍ഡേഴ്സണ്‍ ട്രോഫി എന്ന് പുനര്‍നാമകരണം ചെയ്ത പരമ്പരയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റന് കീഴിലാണ് കളത്തിലിറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള രണ്ടാം അണ്‍ ഒഫീഷ്യല്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യക്കെതിരായ സ്‌ക്വാഡില്‍ ഇടം നേടിയ ഇംഗ്ലണ്ടിന്റെ ജോഷ് ടോങ് ഇന്ത്യ എയ്ക്ക് എതിരായ ടെസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അനൗദ്യോഗികമായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പരിക്ക് മൂലമാണ് താരം പുറത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ വെറും നാല് ഓവറുകള്‍ മാത്രമാണ് യുവ താരം എറിഞ്ഞത്. അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇംഗ്ലണ്ട് പുറത്ത് വിട്ടിട്ടില്ല. രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തനുഷ് കോട്ടിയന്റെയും അന്‍ഷുല്‍ കംബോജിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയ 27 കാരനായ താരം 20.3 ഓവറില്‍ 91 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജൂണ്‍ 20ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള സെലക്ഷന് ടോങ് ലഭ്യമാകുമോ എന്ന് വ്യക്തമല്ല.

ടോങ്ങിന് പുറമെ ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സി, സാം കുക്ക്, ജെയ്മി ഓവര്‍ട്ടണ്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുള്‍പ്പെടുന്ന ഫാസ്റ്റ് ബൗളിങ് ഓപ്ഷനുകളാണ് ഇംഗ്ലണ്ടിനുള്ളത്. എന്നിരുന്നാലും യുവതാരത്തെ നഷ്ടപ്പെടുകയാണെങ്കില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിതന്നെയാണ് നേരിടേണ്ടി വരിക.

2023ല്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം മൂന്ന് ടെസ്റ്റുകള്‍ കളിച്ച ജോഷ് ടോങ് ആറ് ഇന്നിങ്‌സില്‍ നിന്ന് 14 മെയ്ഡന്‍ അടക്കം 12 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 31.5 ആവറേജും 3.74 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്. മാത്രമല്ല 5/66 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

Content Highlight: England Pacer Josh Tongue Injured Ahead Indian Test

We use cookies to give you the best possible experience. Learn more