| Sunday, 17th May 2015, 3:31 pm

പീറ്റേഴ്‌സണ്‍ ഇല്ലാത്ത ഇംഗ്ലണ്ട് ദുര്‍ബലമാണെന്ന് ക്ലാര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പീറ്റേഴ്‌സണ്‍ ഇല്ലാത്ത ഇംഗ്ലണ്ട് ടീം ദുര്‍ബലമാണെന്ന് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഞായറാഴ്ച്ചയാണ് ആസ്‌ത്രേലിയന്‍ ടീമിനൊപ്പം ക്ലാര്‍ക്ക് പുറപ്പെട്ടത്. ഈ  പരമ്പരയ്ക്ക് ശേഷമാണ് ആഷസ് പരമ്പരയ്ക്കായി ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. 2001 നുശേഷം ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര ആസ്‌ത്രേലിയയെ വിജയിപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും ക്ലാര്‍ക്കിന് മുന്നിലുള്ളത്.

ആഷസ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമില്‍ കെവിന്‍ പീറ്റേഴ്‌സണ് സ്ഥാനം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടീമുമായി ഉടക്കി പുറത്ത് പോയ പീറ്റേഴ്‌സണെ തിരിച്ച് ടീമിലെടുക്കില്ലെന്ന നിലപാടിലാണ് ഇംഗ്ലീഷ് മാനേജ്‌മെന്റ്. പീറ്റേഴ്‌സന്റെ മുന്‍ സഹതാരവും ഇപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറുമായ ആന്‍ഡ്രൂ സ്‌ട്രോസ്, ഹാരിസണ്‍ എന്നിവരാണ് പീറ്റേഴ്‌സന്റെ തിരിച്ചു വരവിന് തടസമായത്.

“എന്റെ അഭിപ്രായത്തിന് രണ്ട് വശങ്ങളാണുള്ളത്. ഒന്ന് തീര്‍ത്തും വ്യക്തിപരമാണ്. കാരണം പീറ്റേഴ്‌സണുമായി നല്ല അടുപ്പമാണ്. അദ്ദേഹം ഇംഗ്ലണ്ടിനുവേണ്ടി വീണ്ടു കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. ഇപ്പോഴും അദ്ദേഹം മികച്ച കളിക്കാരനാണ്. അദ്ദേഹം കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.”

മറ്റൊരുവശം, ഞങ്ങള്‍ താമസിയാതെ ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ പോവുകയാണ്. കെവിന്‍ പീറ്റേഴ്‌സണില്ലാത്ത ഏതു ടീമാണെങ്കിലും അത് ശക്തമാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. ഏറെനാളുകളായി അദ്ദേഹം മനോഹരമായ കളിക്കാരനാണ്. അത് ഇപ്പോഴും അദ്ദേഹം തുടരുന്നുണ്ട്.” ക്ലാര്‍ക്ക് പറയുന്നു.

അതേസമയം ഇംഗ്ലണ്ടില്‍ എന്തുസംഭവിച്ചാലും ആസ്‌ത്രേലിയന്‍ ടീം എന്ന നിലയ്ക്ക് അതിനെ നേരിടാനാവുമെന്നും തങ്ങള്‍ ശ്രദ്ധയോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്നും തങ്ങളുടെ സ്വദേശത്ത് നിന്ന് മാറി കളിക്കുന്നത് എതൊരു ടീമിനും വെല്ലുവിളിയാണെന്നും മത്സരം കടുത്തതായിരിക്കുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ കോച്ച് ഫില്‍ സിമ്മൊണ്‍സിന് കീഴിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നേരിടാനാണ് ആസ്‌ത്രേലിയന്‍ ടീം പുറപ്പെട്ടിരിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടുമായുണ്ടായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ്  പരമ്പര 1-1 ന് സമനിലയിലാക്കാന്‍ വെസ്റ്റിന്‍ഡീസിന് കഴിഞ്ഞിരുന്നു. എന്നിരുന്നാലും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വലിയ ആത്മവിശ്വാസത്തിലാണ് ടീം.

Latest Stories

We use cookies to give you the best possible experience. Learn more