ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ശ്രീലങ്ക മിന്നും വിജയമായിരുന്നു സ്വന്തമാക്കിയത്. ആര്‍. പ്രേമദാസാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിന്റെ വിജയം നേടിയാണ് ലങ്ക മുന്നോട്ട് കുതിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ത്രീ ലയണ്‍സ് 252 റണ്‍സിന് പുറത്താകുകയായിരുന്നു.
ഇതോടെ ത്രീ ലയണ്‍സിന്റെ ഭാവിയാണ് തുലാസിലായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം പ്രകടനമാണ് ഇംഗ്ലണ്ട് അടുത്ത കാലത്തായി കാഴ്ചവെക്കുന്നത്. അവസാനമായി കളിച്ച 11 ഏകദിന എവേ മത്സരവും പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് നാണക്കേട് ഏറ്റുവാങ്ങുന്നത്. ഇതോടെ ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്‍സിയെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ അവസാനം കളിച്ച 15 ഏകദിനത്തില്‍ ലങ്ക 12ഉം വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും ഒരു മത്സരത്തില്‍ സമനില വഴങ്ങുകയുമാണ് ചെയ്തത്. എന്നിരുന്നാലും എവേ മത്സരങ്ങളില്‍ അവസാന 15ല്‍ നാല് വിജയം മാത്രമാണ് ലങ്ക നേടിയത്.
അതേസമയം മത്സരത്തില്‍ ലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് കുശാല്‍ മെന്‍ഡിസാണ് 117 പന്തില്‍ 93* റണ്‍സ് നേടി പുറത്താകാതെയാണ് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് പുറമെ ജനിത് ലിയാനങ്കെ 46 റണ്‍സും കാമില്‍ മിശ്ര 27 റണ്‍സും നേടി മികവ് പുലര്‍ത്തി.
ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് മൂന്ന് വിക്കറ്റുകള്‍ മിന്നും പ്രകടനം നടത്തി.
ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ബെന്‍ ഡക്കറ്റും ജോ റൂട്ടുമാണ്. ബെന്‍ 62 റണ്‍സും റൂട്ട് 61 റണ്‍സുമാണ് നേടിയത്. ജെയ്മി ഓവര്‍ട്ടണ്‍ 34 റണ്‍സ് നേടാന്‍ സാധിച്ചു. ലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുശന്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മാത്രമല്ല ജെഫ്രി വാണ്ടര്‍സെ ദുനിത് വെല്ലാനഗെ എന്നിവര്‍ രണ്ട് വിക്കറ്റും നേടി തിളങ്ങിയിരുന്നു