| Friday, 23rd November 2018, 8:29 am

ടി ട്വന്റി വനിതാ ലോകകപ്പ്; ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലീഷ് പട കലാശപ്പോരിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയയേും ന്യുസീലന്‍ഡിനേയും തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തില്‍ പാഡ് കെട്ടിയിറങ്ങിയ ഇന്ത്യന്‍കൂട്ടത്തിന് അടിതെറ്റി. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റിന്റെ അനായാസ ജയം. 113 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 17 ഓവര്‍ പിന്നിടുമ്പോഴേക്കും ലക്ഷ്യം മറികടന്നു. നതാലിയ സ്‌ക്കീവറിന്റെയും എലന്‍ ജോസിന്റെയും അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് കലാശപ്പോരിന് യോഗ്യത നേടിയത്.

സ്‌ക്കീവര്‍ 43 പന്തില്‍ 54 ഉം എലന്‍ ജോസ് 42 പന്തില്‍ 51 ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. 15 റണ്‍സെടുത്ത ഓപ്പണര്‍ ആമി അലന്‍ ജോണ്‍സാണും ഡാനിലെ വൈയറ്റുമാണ് പുറത്തായത്. രാധ യാദവിനും ദീപ്തി ശര്‍മയ്ക്കുമാണ് വിക്കറ്റ്.

ഭേദപ്പെട്ട റണ്‍സ് പടുത്തുയര്‍ത്താനാവാത്തതാണ് ഇന്ത്യന്‍ പടയ്ക്ക് തിരിച്ചടിയായത്. മിതാലി രാജ് ഇല്ലാതെ ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ സഖ്യത്തിന് 43 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. 34 റണ്‍സെടുത്ത സ്മൃതി മന്ദാനയും 26 റണ്‍സെടുത്ത ജെമിമാ റോഡ്രിഗസുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും വേദ കൃഷ്ണമൂര്‍ത്തിയും ക്രീസില്‍ നിലയുറപ്പിക്കും മുമ്പെ കൂടാരം കയറി. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ സോഫി എക്സെല്‍സ്റ്റോനും ക്രിസ്റ്റി ഗോര്‍ഡോണും ഈ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ നടന്ന ആദ്യസെമി ഫൈനലില്‍ ആതിഥേയരായ വിന്‍ഡീസിനെ ഓസ്ട്രേലിയ 71 റണ്‍സിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 142 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിന് ഇറങിയ വിന്‍ഡീസ് 71 റണ്‍സിന് ഓള്‍ഔട്ടായി.

Latest Stories

We use cookies to give you the best possible experience. Learn more