| Saturday, 13th June 2026, 5:40 pm

ബൂട്ടുകളും പരിശീലന ഉപകരണങ്ങളും മോഷണം പോയി; ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടി

Sudev A

2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമില്‍ മോഷണം. പരിശീലന ഉപകരണങ്ങളും താരങ്ങളുടെ ബൂട്ടുകളും ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ ഫുട്‌ബോളുകളുമാണ് മോഷണം പോയത്. ഇതിന് പുറമെ മത്സരദിവസം ധരിക്കേണ്ട യൂണിഫോമുകള്‍, വൈറ്റ് ബോര്‍ഡുകള്‍, പരിശീലന ജേഴ്‌സികള്‍ എന്നിവയും മോഷണം പോയി.

ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരുടെ ബൂട്ടുകളും നഷ്ടമായി. കാന്‍സസ് സിറ്റിയിലെ പരിശീലന ക്യാമ്പില്‍ എത്തിയതിന് ശേഷമാണ് മോഷണം നടന്നത്. കാന്‍സസ് സിറ്റിയില്‍ എത്തിയ വാഹനത്തില്‍ നിന്നുമാണ് സാധങ്ങള്‍ മോഷണം പോയത്.

ഫ്‌ലോറിഡയില്‍ പരിശീലന ക്യാമ്പില്‍ നിന്നും ടീം സ്റ്റാഫുകള്‍ മിസോറിയിലെ സ്വോപ്പ് സോക്കര്‍ വില്ലേജിലേക്ക് സാധനങ്ങള്‍ കൊണ്ടുപോവുന്നതിനിടെയാണ് സംഭവം നടന്നത്. ശനിയാഴ്ച താരങ്ങള്‍ പരിശീലനത്തിന് എത്തുന്നതിനിടെയാണ് മോഷണം നടന്നത്.

ജൂണ്‍ 18ന് ക്രോയേഷ്യക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായാണ് ഇംഗ്ലണ്ട് ടീമിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഈ മത്സരത്തിന് മുമ്പായി നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താനോ നഷ്ടപ്പെട്ടതിന് പകരമായി പുതിയ സാധനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം.

ഗ്രൂപ്പ് എല്ലി-ലാണ് ഇത്തവണ ഇംഗ്ലണ്ട് ടീം ലോകകപ്പിനിറങ്ങുന്നത്. ക്രോയേഷ്യക്ക് പുറമെ ഖാന, പനാമ എന്നീ ടീമുകളുമാണ് ഇംഗ്ലണ്ടിനൊപ്പമുള്ള മറ്റുള്ള ടീമുകള്‍. 1966ല്‍ നേടിയ ഒരേയൊരു ലോകകിരീടം മാത്രമാണ് ഇംഗ്ലണ്ടിന്റെ ഷെല്‍ഫിലുള്ളത്. അതുകൊണ്ട് തന്നെ നീണ്ട 60 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാവും തോമസ് ട്യൂഷേലിന്റെ കീഴില്‍ ഇംഗ്ലണ്ട് ഇത്തവണ ഇറങ്ങുക.

Content Highlight: England football team robbed as they prepare for 2026 FIFA World Cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more