| Tuesday, 29th September 2026, 12:53 pm

അര്‍ജന്റീനയ്ക്കെതിരെ ഗോള്‍ നേടി, എന്നാല്‍ 20 മിനിറ്റിനുള്ളില്‍ എല്ലാം തകര്‍ന്നടിഞ്ഞു; തുറന്ന് പറഞ്ഞ് ആന്റണി ജോര്‍ഡന്‍

ശ്രീരാഗ് പാറക്കല്‍

2026ലെ ഫിഫ ലോകകപ്പില്‍ തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഇംഗ്ലണ്ട് താരം ആന്റണി ജോര്‍ഡന്‍. സെമി ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടത് തന്നെ ആഴ്ചകളോളം വേട്ടയാടി എന്ന് ജോര്‍ഡന്‍ പറഞ്ഞു. താന്‍ ആരാധിക്കുന്ന ലയണല്‍ മെസിയും അര്‍ജന്റീനയ്‌ക്കെതിരെ ഗോള്‍ നേടിയെങ്കിലും വെറും 20 മിനിട്ടിനുള്ളില്‍ എല്ലാം തകര്‍ന്നടിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

മെസി

‘ആ സംഭവത്തിന് ശേഷവും ആ വേദന ആഴ്ചകളോളം എന്നെ വേട്ടയാടി. അത് ഒരു തരത്തില്‍ എന്റെ സ്വപ്നം പോലെയായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ടുവളരുകയും ആരാധിക്കുകയും ചെയ്തിരുന്ന മെസി ഉണ്ടായിരുന്ന അതേ സ്റ്റേഡിയത്തില്‍, ഇംഗ്ലണ്ടിനായി അര്‍ജന്റീനയ്ക്കെതിരായ സെമിഫൈനലില്‍ ഞാന്‍ ഗോള്‍ നേടി. എന്നാല്‍ വെറും 20 മിനിട്ടിനുള്ളില്‍ എല്ലാം തകര്‍ന്നടിഞ്ഞു. എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും മോശം നിമിഷമായിരുന്നു അത്,’ ആന്റണി ജോര്‍ഡന്‍ പറഞ്ഞു.

2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആന്റണി ഡോര്‍ഡനാണ് ആദ്യ ഗോള്‍ നേടിയത്. മോര്‍ഗണ്‍ റോജറിന്റെ പാസില്‍ 55ാം മിനിട്ടിലാണ് ജോര്‍ഡന്‍ അര്‍ജന്റീനയുടെ വല കുലുക്കിയത്. എന്നാല്‍ പിന്നീടുണ്ടായ തീ പാറുന്ന പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീന വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.

85ാം മിനിട്ടില്‍ എന്‍സോ ഫര്‍ണാണ്ടസാണ് അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. ഇംഗ്ലണ്ട് ഡിഫന്റര്‍മാരെ മറികടന്ന് സാക്ഷാല്‍ ലയണല്‍ മെസിയുടെ പാസില്‍, എന്‍സോ ബോക്‌സിന് മുന്നില്‍ നിന്ന് അടിച്ച കിടിലന്‍ ഷോട്ട് ത്രീ ലയണ്‍സിന്റെ വലയിലേക്ക് ചീറിപ്പായുകയായിരുന്നു. ശേഷം ഇംഗ്ലണ്ടിനെ കളത്തില്‍ കീഴ്‌പ്പെടുത്തിക്കൊണ്ടായിരുന്നു മെസിപ്പടയുടെ പിന്നീടുള്ള നീക്കങ്ങളെല്ലാം.

അധികം വൈകാതെ എകസ്ട്രാ ടൈമില്‍ വീണ്ടും മെസിയുടെ പാസില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഹെഡ്ഡര്‍ അര്‍ജന്റീനയുടെ വിജയഗോള്‍ ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് ഡിഫന്റര്‍മാരും മിഡ് ഫീല്‍ഡര്‍മാരും മെസിയെ പൂട്ടിയെങ്കിലും, എല്ലാ തന്ത്രങ്ങളും പൊട്ടിച്ചായിരുന്നു സഹ താരങ്ങള്‍ക്ക് മെസി കിടിലന്‍ അസിസ്റ്റ് നല്‍കിയത്. കളിയിലെ താരവും മെസിയായിരുന്നു.

അതേസമയം ഇതിഹാസം ലയണല്‍ മെസി അടുത്തിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ഏവരേയും നിരാശപ്പെടുത്തിയിരുന്നു. മെസിയുടെ വിടവാങ്ങല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ഒക്ടോബര്‍ ആറിനാണ് മെസി അവസാനമായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെനിന്‍ ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍.

Content Highlight: England Football Player Anthony Gordon Talking About Loss Against Argentina In 2026 FIFA World Cup Semi Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more