| Wednesday, 30th September 2026, 8:51 pm

ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത് 'പുറത്ത്' നിന്നും അഞ്ച്‌ താരങ്ങൾ ; പിറന്നത് അപൂർവ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ വിജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നത്. ഫോർച്ച്യൂണ അരേനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെക്കിനെ ഇംഗ്ലണ്ട് കീഴടക്കിയത്.

മത്സരത്തിൽ ഒരു അപൂർവ നിമിഷത്തിന് കൂടിയാണ് ഇംഗ്ലീഷ് ഫുട്ബോൾ സാക്ഷ്യം വഹിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ടിന് പുറത്തുള്ള ക്ലബ്ബിൽ നിന്നുമുള്ള അഞ്ച് താരങ്ങൾ ഒരു മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നത്.

ഹാരി കെയ്ൻ(ബയേൺ മ്യൂണിക്), ട്രെവോ ചലോബ(കോമോ എഫ്.സി), ആന്റണി ഗോർഡൻ(ബാഴ്സലോണ), ജൂഡ് ബെല്ലിങ്ങ്ഹാം(റയൽ മാഡ്രിഡ്), ട്രെന്റ് അലക്സാണ്ടർ അർനോൾഡ് (റയൽ മാഡ്രിഡ്) എന്നിവർ ഒരുമിച്ച് കളത്തിലിറങ്ങിയാണ് പുതിയ ചരിത്രമെഴുതിയത്.

മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി 47ാം മിനിട്ടിൽ ആന്റണി ഗോഡനാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 69ാം മിനിട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്‌നാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെക്ക് താരം പവൽ സൾക് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ 10 പേരുമായാണ് ചെക്കിയ കളിച്ചത്.

25ാം മിനിട്ടിൽ ആൻഡേഴ്‌സനെതിരായ ഫൗളിന് പിന്നാലെയാണ് താരത്തിന് റെഡ് കാർഡ് ലഭിച്ചത്. ഈ അവസരം മുതലെടുത്ത ഇംഗ്ലണ്ട് മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ സ്പെയ്നിനോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ഈ വിജയത്തോടെ ടൂർണമെന്റിലേക്ക്‌ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. നിലവിൽ ഗ്രൂപ്പ് സി-യിൽ ഓരോ വിജയവും തോൽവിയുമായി മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ത്രീ ലയൺസ്. ഒക്ടോബർ മൂന്നിന് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

അതേസമയം ഗ്രൂപ്പ് സി-യിൽ നടന്ന മറ്റൊരു മത്സരത്തിൽ സ്പെയ്ൻ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ടൂർണമെന്റിലെ സ്പാനിഷ് പടയുടെ രണ്ടാം വിജയമായിരുന്നു ഇത്. യുവതാരം ലാമിൻ യമാൽ മത്സരത്തിൽ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ മാർക്ക് പബിൽ, നിക്കോ വില്യംസ് എന്നിവരുടെ ഗോളുകളും സ്പെയിനിന് വമ്പൻ വിജയം സമ്മാനിക്കുന്നതിൽ നിർണായകമായി. ഡിഡി ബെൽജോയാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

Content Highlight: England football have a rare incident in their football history

Latest Stories

We use cookies to give you the best possible experience. Learn more