| Monday, 29th December 2025, 11:28 am

ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി; ആര്‍ച്ചര്‍ക്ക് പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും പുറത്ത്!

ഫസീഹ പി.സി.

2025 – 26 ആഷസിനിടെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരില്‍ ഒരാളായ ഗസ് അറ്റ്കിന്‍സണ്‍ പരമ്പരയില്‍ നിന്ന് പുറത്തായി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ താരം കളിക്കില്ല. ഹാംസ്ട്രിങ് പരിക്കാണ് താരത്തിന് വിനയായത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇ.സി.ബി) താരത്തിന്റെ പരിക്കിനെ കുറിച്ച് അറിയിച്ചത്.

‘ആഷസിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പേസര്‍ ഗസ് അറ്റ്കിന്‍സണിനെ ഒഴിവാക്കി. താരത്തിന് ഇടത് ഹാംസ്ട്രിങ് പരിക്കുണ്ടെന്ന് സ്‌കാനിങ്ങില്‍ തെളിഞ്ഞിട്ടുണ്ട്. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിന്റെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടെയാണ് താരത്തിന് പരിക്കേറ്റത്,’ ഇ.സി.ബി പ്രസ്താവനയില്‍ പറഞ്ഞു.

ഗസ് അറ്റ്കിന്‍സണ്‍. Photo: Test Match Special/x.com

ആഷസില്‍ നാലാം ടെസ്റ്റില്‍ മാത്രം വിജയിച്ച ഇംഗ്ലണ്ടിന് പരിക്കേറ്റ് മറ്റൊരു താരവും കൂടി പുറത്തായത് വലിയ വെല്ലുവിളിയാണ്. ഈ പരമ്പരയില്‍ അറ്റ്കിന്‍സണ് പുറമെ മറ്റ് രണ്ട് താരങ്ങള്‍ കൂടി പരിക്ക് കാരണം പുറത്തായിരുന്നു. ഇങ്ങനെ മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

പുറത്തായ അറ്റ്കിന്‍സണ് പകരക്കാരനെ ഇ.സി.ബി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ സ്‌ക്വാഡിലുള്ള ഷൊഹൈബ് ബഷീറിന് ആഷസ് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയേക്കും. ഫാസ്റ്റ് ബൗളര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ മാത്യു പോട്ട്‌സോ മാത്യു ഫിഷറോ ടീമില്‍ ഇടം പിടിക്കും.

ജനുവരി നാല് മുതല്‍ എട്ട് വരെയാണ് ആഷസിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഓസീസ് നിലവില്‍ ആഷസ് കിരീടം നിലനിര്‍ത്തിയിയിട്ടുണ്ട്.

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, വില്‍ ജാക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഒല്ലി പോപ്പ്, മാത്യു പോട്ട്‌സ്, ഷൊഹൈബ് ബഷീര്‍, മാത്യു ഫിഷര്‍

Content Highlight: England face another blow as Gus Atkinson ruled of  remaining Ashes

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more