2026 ടി – 20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം. ടോം ബാന്റണിന്റെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.
സ്‌കോട്‌ലാന്‍ഡ് ഉയര്‍ത്തിയ 153 വിജയലക്ഷ്യം പത്ത് പന്തുകള്‍ ബാക്കി നില്‍ക്കേ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ ടി – 20 ലോകകപ്പില്‍ ഒരു യൂറോപ്യന്‍ ടീമിനെതിരെ ആദ്യമായി വിജയിക്കാന്‍ ത്രീ ലയണ്‍സിന് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൈക്കല്‍ ജോണ്‍സ് – റിച്ചി ബെറിങ്ടണ്‍ എന്നിവര്‍ ടീമിന് കരുത്തായി. എന്നാല്‍, സ്‌കോര്‍ 42ല്‍ നില്‍ക്കെ ജോണ്‍സ് മടങ്ങി. താരം 20 പന്തില്‍ 33 റണ്‍സുമായി തിരികെ നടന്നു.
അപ്പോഴും ബെറിങ്ടണ്‍ ഉറച്ച് നിന്ന് പിന്നാലെത്തിയ ടോം ബ്രൂസുമായി ടീമിനെ നയിച്ചു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. 18 പന്തില്‍ 24 റണ്‍സുമായി ബ്രൂസും പിന്നാലെ 32 പന്തില്‍ 49 റണ്‍സുമായും തിരികെ നടന്നു.
പിന്നാലെത്തിയവരില്‍ പലരും ഒറ്റയക്കത്തില്‍ തന്നെ മടങ്ങി. ഒമ്പതാമനായി ക്രീസിലെത്തിയ ഒലിവര്‍ ഡേവിഡ്‌സണ്‍ മാത്രമാണ് രണ്ടക്കം കടന്നത്. താരം 15 പന്തില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റുകള്‍ നേടി. ജോഫ്ര ആര്‍ച്ചറും ലിയാം ഡോസണും രണ്ട് വിക്കറ്റുകളും ജെയ്മി ഒവേര്‍ട്ടണ്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ട് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും ടീമിന് ഓപ്പണര്‍മാരെ നഷ്ടമായി. പിന്നാലെ ജേക്കബ് ബേഥല്‍ – ടോം ബാന്റണ്‍ എന്നിവര്‍ ഒരുമിച്ചു. എന്നാല്‍ മികച്ച നിലയില്‍ മുന്നേറവെ 28 പന്തില്‍ 32 റണ്‍സുമായി ബേഥല്‍ പുറത്തായി.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് വെറും നാല് റണ്‍സുമെടുത്ത് മടങ്ങി. അതോടെ സാം കറന്‍ ക്രീസിലെത്തി. ബാന്റണുമായി ചേര്‍ന്ന് കറന്‍ 46 റണ്‍സ് ചേര്‍ത്തു. പിന്നാലെ 20 പന്തില്‍ 28 റണ്‍സുമായി താരം കൂടാരം കയറി.
ടോം ബാന്റണ്‍. Photo: England Cricket/x.com
അതോടെ ഒരുമിച്ച ബാന്റണ്‍ – വില്‍ ജാക്‌സ് സഖ്യം ടീമിനെ വിജയിപ്പിച്ചു. ബാന്റണ്‍ 41 പന്തില്‍ 63 റണ്‍സും ജാക്സ് പത്ത് പന്തില്‍ 16 റണ്‍സുമായും പുറത്താവാതെ നിന്നു.
സ്‌കോട്‌ലാന്‍ഡിനായി ഒലിവര്‍ ഡേവിഡ്‌സണ്‍, ബ്രാഡ് വീല്‍, ബ്രാഡ്ലി കറി, ബ്രാണ്ടന്‍ മാക്മുള്ളന്‍, മൈക്കല്‍ ലീസ്‌ക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlight: England defeated a European team in T20 World Cup for the first time with win against Scotland