| Sunday, 22nd February 2026, 6:39 pm

ട്വിസ്റ്റ് ട്വിസ്റ്റ്, ഇംഗ്ലണ്ടിനെ തളച്ചെന്ന് കരുതിയ ലങ്കയ്ക്ക് തെറ്റി; സൂപ്പര്‍ എട്ടില്‍ സൂപ്പര്‍ വിജയവുമായി ത്രീ ലയണ്‍സ്

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. പല്ലക്കേലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 51 റണ്‍സിനാണ് ത്രീ ലയണ്‍സ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.

ആദ്യ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിന് തളയ്ക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയത്. വിജയപ്രതീക്ഷയുമായി ഇറങ്ങിയ ലങ്കയാവട്ടെ ബാറ്റിങ് തകര്‍ച്ച നേരിട്ട് 16.4 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ട് ആയി.

ഇംഗ്ലണ്ടിന്റെ ബൗളിങ് കരുത്തിലാണ് ലങ്ക ചാമ്പലായത്. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു ലങ്ക നേരിട്ടത്. ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ പാത്തും നിസംഗയെ ഒമ്പത് റണ്‍സിന് നഷ്ടപ്പെട്ടായിരുന്നു ലങ്കന്‍ തകര്‍ച്ചയുടെ തുടക്കം.

പിന്നീട് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ടോപ് ഓര്‍ഡറിലെ അഞ്ച് ലങ്കന്‍ ബാറ്റര്‍മാരെയാണ് ത്രീലയണ്‍സ് വെട്ടി വീഴ്ത്തിയത്. സൂപ്പര്‍ താരം വില്‍ ജാക്‌സ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തി. ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ലിയാം ഡാവ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും ജെയ്മി ഓവര്‍ട്ടണ്‍ ഒരു വിക്കറ്റും നേടി.

ലങ്കയ്ക്ക് വേണ്ടി മധ്യ നിരയില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. 24 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 30 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 13 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസാണ് രണ്ടാം ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ്. 40 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് താരം സ്വന്തമാക്കിയത്. മധ്യ നിരയില്‍ ടീമിന് വേണ്ടി 21 റണ്‍സ് നേടിയ വില്‍ ജാക്‌സും നിര്‍ണായകമായി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.

അതേസമയം ലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദില്‍ഷന്‍ മധുഷങ്ക, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ദുഷ്മന്ത ചമീര എന്നിവര്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Content Highlight: England defeat Sri Lanka In T20 World Cup 2026 Supper 8 Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more