ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 119 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ത്രീ ലയണ്‍സ് സ്വന്തമാക്കിയത്. ദി ഏജീസ് ബൗളില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 19 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഈ വിജയത്തോടെ ഒരു ചരിത്ര നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിനെതിര തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീമാകാനാണ് ഇംഗ്ലണ്ടിന് സാധിച്ചത്.
ഈ നേട്ടത്തില്‍ മുന്നിലുള്ളത് ഉഗാണ്ടയാണ്. റുവാണ്ടയ്‌ക്കെതിരെ 2021 മുതല്‍ 2023 വരെ 17 മത്സരങ്ങളാണ് ഉഗാണ്ട തുടര്‍ച്ചയായി ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് പാകിസ്ഥാനാണ് 2008 മുതല്‍ 2021 വരെ സിംബാബ്‌വേയ്‌ക്കെതിരെ 15 മത്സരങ്ങളാണ് പാകിസ്ഥാന്‍ വിജയിച്ചത്. മൂന്നാം സ്ഥാനത്തുള്ള ത്രീ ലയണ്‍സ് 2016 മുതല്‍ ശ്രീലങ്കയ്‌ക്കെതിരെ 13 മത്സരങ്ങളിലാണ് തുടര്‍ച്ചയായി വിജയം നേടിയത്.
മത്സരത്തില്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍ താരം ജോസ് ബട്‌ലറും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വമ്പന്‍ സ്‌കോറിലെത്തിയത്. പുറത്താകാതെ 49 പന്തില്‍ നിന്ന് ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 114 റണ്‍സാണ് ബ്രൂക്ക് നേടിയത്. 232.65 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയായിരുന്നു ബട്‌ലര്‍ കളം വിട്ടത്.
മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി 33 റണ്‍സ് നേടിയ ദുനിത് വെല്ലാലഗെ മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം നടത്തിയത്. ത്രീ ലയണ്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സോണി ബേക്കര്‍ തിളങ്ങിയപ്പോള്‍ ലിയാം ഡോസണ്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അതേസമയം ഇരുവരും തമ്മിലുള്ള പരമ്പരയിലെ രണ്ടാം മത്സരം നാളെ (വ്യാഴം) സോഫിയ ഗാര്‍ഡന്‍സില്‍ നടക്കും.
Content Highlight: England Cricket Team Create History In T-20i