ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. റിവര്‍സൈഡ് സ്റ്റേഡിയത്തിലാണ് മത്സരം. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ചരിത്ര തോല്‍വിക്ക് ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ ത്രീ ലയണ്‍സിനെതിരായ പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
മത്സരത്തില്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അയര്‍ലാന്‍ഡിനെതിരെ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ വൈഭവ് ഇറങ്ങിയാല്‍ താരത്തെ വീഴ്ത്താനുള്ള എല്ലാ തന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റ ഹാരി ബ്രൂക്ക്.
വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com
‘തീര്‍ച്ചയായും അദ്ദേഹം വളരെ മികച്ചൊരു താരമാണ്. വെറും 15ാം വയസില്‍ തന്നെ അദ്ദേഹം നേടിയ നേട്ടങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിനെതിരെ കളിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് അതിനായുള്ള തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മത്സരത്തിന് മുമ്പ് വേണ്ട എല്ലാ തയ്യാറെടുപ്പുകളും മികച്ച രീതിയില്‍ നടത്തിയിട്ടുണ്ട്. വിജയിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ശക്തമാക്കും,’ ഹാരി ബ്രൂക്ക് പറഞ്ഞു.
ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
2026 ഐ.പി.എല്ലില്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.
സീസണില്‍ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വൈഭവ് ഇന്ത്യന്‍ ടീമിലെത്തിയത്.
വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
Content Highlight: England Captain Harry Brook Talking About Vaibhav Sooryavanshi