| Saturday, 28th February 2026, 10:12 am

ഒന്നാമത് ഓസീസും ഇന്ത്യയും; വമ്പനടിയില്‍ രണ്ടാമന്മാരായി ഇംഗ്ലണ്ടും!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ സൂപ്പര്‍ എട്ട് തുടര്‍ച്ചയായ വിജയങ്ങളോടെ സെമി ഫൈനലില്‍ പ്രവേശിക്കാനും മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചു.

കിവീസ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ 161 റണ്‍സ് അടിച്ച് മറികടക്കുകയായിരുന്നു. വില്‍ ജാക്സിന്റെ കരുത്തിലാണ് ത്രീലയണ്‍സ് വിജയിച്ചത്.

മത്സരത്തില്‍ അവസാന മൂന്ന് ഓവറുകള്‍ വരെ ഇംഗ്ലണ്ടിനും കിവീസിനും ഒരു പോലെ വിജയസാധ്യതയുണ്ടായിരുന്നു. 18ാം ഓവര്‍ മുതല്‍ വില്‍ ജാക്സും രെഹാന്‍ അഹമ്മദും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇരുവരും 18 – 20 ഓവറുകളിൽ അടിച്ചെടുത്തത് 44 റണ്‍സാണ്.

വിൽ ജാക്‌സും രെഹാൻ അഹമ്മദ്. Photo: England Cricket/xc.om

18ാം ഓവറില്‍ 22 റണ്‍സ് എടുത്ത ഇംഗ്ലണ്ട് അടുത്ത ഓവറില്‍ 16 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. അവസാന ആറ് റണ്‍സ് കൂടി നേടി ടീം വിജയമുറപ്പിക്കുകയായിരുന്നു. ഇതോടെ ഒരു ലിസ്റ്റിലും ഇംഗ്ലണ്ട് തങ്ങളുടെ പേര് എഴുതിചേര്‍ത്തു.

പുരുഷ ടി – 20 ലോകകപ്പിലെ വിജയകരമായ ചെയ്സുകളില്‍ 18 – 20 ഓവറുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ടീം എന്ന നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ 48 വീതം റണ്‍സെടുത്ത ഓസ്ട്രേലിയയും ഇന്ത്യയുമാണ് മുന്നിലുള്ളത്.

ടി – 20 ലോകകപ്പിലെ വിജയകരമായ ചെയ്സുകളില്‍ 8 – 20 ഓവറുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീം

(റണ്‍സ് – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

48 – ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – 2010

48 – ഇന്ത്യ – പാകിസ്ഥാന്‍ – 2022

43 – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 2026

41 – ശ്രീലങ്ക – ഇന്ത്യ – 2010

മത്സരത്തില്‍ ഇംഗ്ലണ്ടിനായി വില്‍ ജാക്സ് 18 പന്തില്‍ പുറത്താവാതെ 32 റണ്‍സും ടോം ബാന്റണ്‍ 24 പന്തില്‍ 33 റണ്‍സും നേടി. ഒപ്പം ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 24 പന്തില്‍ 26 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

ഇംഗ്ലണ്ട് ടീം. Photo: England Cricket/x.com

കിവീസിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ലോക്കി ഫെര്‍ഗുസണ്‍, മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്ലാക്ക് ക്യാപ്സിനായി ഗ്ലെന്‍ ഫിലിപ്‌സ് 28 പന്തില്‍ 39 റണ്‍സും ടിം ഷിഫെര്‍ട്ട് 25 പന്തില്‍ 35 റണ്‍സും സ്‌കോര്‍ ചെയ്തു. ഫിന്‍ അലന്‍ 19 പന്തില്‍ 29 റണ്‍സും ചേര്‍ത്തു.

ഇംഗ്ലണ്ടിനായി വില്‍ ജാക്സിനൊപ്പം ആദില്‍ റഷീദും രെഹാന്‍ അഹമ്മദും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ലിയാം ഡോസണ്‍ ഒരു വിക്കറ്റും നേടി.

Content Highlight: England became second team to score most runs in 18 -20 overs in successful run chases in men’s T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more