പാകിസ്ഥാനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയം. ഇന്നിങ്സിനും 103 റൺസിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ വെറും 135 റൺസിനാണ് പുറത്തായത്. ഇംഗ്ലീഷ് ബൗളിങ്ങിൽ ജോഷ് ടംഗ്, ജോഫ്ര ആർച്ചർ, ഒല്ലി റോബിൻസൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി മികച്ചു നിന്നപ്പോൾ പാക് ബാറ്റിങ് നിര തകരുകയായിരുന്നു.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയാണ് പാകിസ്ഥാൻ ഇന്നിങ്സിനും 100+ റൺസിനും പരാജയപ്പെടുന്നത്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ തവണ പരാജയപ്പെടുന്ന മൂന്നാമത്തെ ടീമായും പാകിസ്ഥാൻ മാറി. ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾ നാല് തവണയാണ് ഇന്നിങ്സിനും 100+ റൺസിനും പരാജയം നേരിട്ടത്.
ബംഗ്ലാദേശ് മൂന്ന് തവണയും ഇത്തരത്തിൽ തോൽവി നേരിട്ടു. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകൾ ഓരോ വീതവും ഈ തിരിച്ചടി നേരിട്ടു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ ഇതുവരെ ഇന്നിങ്സിനും 100+ റൺസിനും പരാജയപ്പെടാത്തത് ഇന്ത്യയും ഇംഗ്ലണ്ടും മാത്രമാണ്.
അതേസമയം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 409 റൺസാണ് നേടിയത്. ഇംഗ്ലണ്ട് നിരയിൽ ഹാരി ബ്രുക്(91) ജോർദാൻ കോക്സ്(73), ക്യാപ്റ്റൻ ജോ റൂട്ട്(66), ഡാൻ ലോറൻസ്(51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ത്രീ ലയൺസ് കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
പാക് ബൗളിങ്ങിൽ അലി ഉസ്മാൻ അഞ്ച് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ഖുറാം ഷെഹ്സാദ് മൂന്ന് വിക്കറ്റും മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 171 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബൗളിങ് നിരയിൽ ഒലി റോബിൻസൻ, ജോഷ് ടംഗ് എന്നിവർ അഞ്ച് വീതം വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ പാക് ബാറ്റിങ് തകർന്നടിയുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയത് അബ്ദുള്ള ഷഫീഖ് ആണ്. 104 പന്തിൽ 61 റൺസാണ് താരം സ്വന്തമാക്കിയത്. എട്ട് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇമാം ഉൽ ഹഖ് 74 പന്തിൽ 42 റൺസും ക്യാപ്റ്റൻ സൽമാൻ അലി ആഘ 29 പന്തിൽ 21 റൺസും സ്വന്തമാക്കി.
അതേസമയം ഈ തകർപ്പൻ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് പാകിസ്ഥാന് മുകളിൽ ആധിപത്യം സ്ഥാപിക്കാനും ത്രീ ലയൺസിന് സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് നടക്കുന്നത്.
Content Highlight: England beat Pakistan innings and 100+ runs in world test championship