2026 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി ഇംഗ്ലണ്ട്. ക്വാർട്ടറിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കുതിച്ചത്. ചരിത്രത്തിലെ നാലാം സെമി ഫൈനൽ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് യോഗ്യത നേടിയിരിക്കുന്നത്. 1966, 1990, 2018 എന്നീ വർഷങ്ങളിലായിരുന്നു ഇതിനുമുമ്പ് ഇംഗ്ലണ്ട് സെമി കളിച്ചത്.
1966ൽ കിരീടം നേടിയതിന് ശേഷം ഒരിക്കൽ പോലും ലോകകപ്പ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. നീണ്ട 60 വർഷങ്ങൾക്ക് ശേഷം ചരിത്രത്തിലെ രണ്ടാം ലോക കിരീടമായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക.
മയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോൾ മികവിലാണ് ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ നോർവേയാണ് ആദ്യം ലീഡ് നേടിയത്. മത്സരം തുടങ്ങി 36 മിനിട്ട് പിന്നിട്ടപ്പോൾ ആൻഡ്രിയാസ് ഷ്ജെൽഡെറപ്പാണ് വൈക്കിങ്സിനായി ലക്ഷ്യം കണ്ടത്.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജൂഡ് ഇംഗ്ലണ്ടിനായി സമനില ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിൽ വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും മികച്ച നീക്കങ്ങൾ നടത്തി. എന്നാൽ നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്തിന്റെ തുടക്കത്തിൽ തന്നെ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടുകയായിരുന്നു.
മത്സരത്തിൽ 53 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ ഇംഗ്ലണ്ട് 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 13 ഷോട്ടുകൾ ആയിരുന്നു എർലിങ് ഹാലണ്ടും സംഘവും ലക്ഷ്യം വെച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്കായിരുന്നു.
അതേസമയം ജൂലൈ 16നാണ് ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്. അർജന്റീന-സ്വിറ്റ്സർലാൻഡ് മത്സരത്തിലെ വിജയികളെ ആയിരിക്കും ത്രീ ലയൺസ് സെമി ഫൈനലിൽ നേരിടുക.
Content Highlight: England beat Norway to reach 2026 fifa World Cup semi-finals