| Wednesday, 25th February 2026, 7:22 am

ലോകകപ്പ് ചരിത്രത്തില്‍ 'രണ്ട് ഒന്നാം സ്ഥാനങ്ങള്‍'; ബ്രൂക്കിന്റെ താണ്ഡവത്തില്‍ തലവര മാറിയ ത്രീ ലയണ്‍സ്

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ല്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ത്രീ ലയണ്‍സ് വിജയം സ്വന്തമാക്കിയത്. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രീ ലയണ്‍സ് 19.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ടി-20 ലോകകപ്പ് 2026ല്‍ സെമി ഫൈനലില്‍ കയറുന്ന ആദ്യ ടീമാകാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്. ഇതോടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്. പുരുഷ ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ സെമി ഫൈനലില്‍ എത്തിയ ടീമാകാനാണ് ഇംഗ്ലണ്ടിന് സാധിച്ചത്. അഞ്ച് തവണയാണ് ത്രീ ലയണ്‍സ് തുടര്‍ച്ചയായി സെമി ഫൈനലിസ്റ്റുകളാകുന്നത്.

പുരുഷ ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ സെമി ഫൈനലില്‍ എത്തിയ ടീം, എണ്ണം (വര്‍ഷം)

ഇംഗ്ലണ്ട് – 5 (2026, 2024, 2022, 2021, 2016)

പാകിസ്ഥാന്‍ – 4 (2007, 2009, 2010, 2012)

ശ്രീലങ്ക – 4 (2009, 2010, 2012, 2014)

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ്. 51 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം. ടി-20 ലോകകപ്പ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കാപ്റ്റനാണ് ഹാരി.

താരത്തിന് പുറമെ 23 പന്തില്‍ 28 റണ്‍സ് നേടിയ വില്‍ജാക്‌സും 15 പന്തില്‍ 16 റണ്‍സ് നേടിയ സാം കറനും നിര്‍ണായകമായി. ഒടുക്കം തോല്‍വിയുടെ വക്കില്‍ നിന്ന് ജോഫ്ര ആര്‍ച്ചര്‍ അവസാന ഓവറിലെ ആദ്യം പന്തില്‍ താരം ഫോറടിച്ച് ടീമിനെ സെമി ഫൈനലിലെത്തിച്ചു.

പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഉസ്മാന്‍ താരീഖും മുഹമ്മദ് നവാസും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് സ്‌കോര്‍ 73 ആയപ്പോഴേക്കും മൂന്ന് പേരെ നഷ്ടമായിരുന്നു. പിന്നാലെ ഒരുമിച്ച സാഹിബ്‌സാദ ഫര്‍ഹാന്‍ – ഫഖര്‍ സമാന്‍ സഖ്യം ടീമിന്റെ പോരാട്ടം ഏറ്റെടുത്തു. വൈകാതെ ഫര്‍ഹാന്‍ 45 പന്തില്‍ 63 റണ്‍സുമായി തിരികെ കയറി. സമാന്‍ 16 പന്തില്‍ 25 റണ്‍സുമായും മടങ്ങി. പിന്നാലെത്തിയ ശദബ് ഖാന് 11 പന്തില്‍ 23 റണ്‍സുമായി റണ്‍ഔട്ടായി. മറ്റാര്‍ക്കും ടീമിനായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഒവേര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദില്‍ റഷീദും ഒരു വിക്കറ്റ് നേടി.

Content Highlight: England And Captain Harry Brook In Great Record Achievement In T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more