ന്യൂദല്‍ഹി: ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള ആര്‍.എസ്.എസിന്റെയും മോദി സര്‍ക്കാറിലെ പല അംഗങ്ങളുടെയും വിവാദമായ അവകാശവാദങ്ങള്‍ എഞ്ചിനിയറിങ് ക്ലാസ് റൂമില്‍ പഠിപ്പിക്കാന്‍ നീക്കം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ സംഘപരിവാര്‍ നടത്തിയ ഇത്തരം അശാസ്ത്രീയ വാദങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എഞ്ചിനിയറിങ് കരിക്കുലം പരിഷ്‌കരിക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരങ്ങളല്ല, ബാറ്ററിയും വൈദ്യുതിയും വേദകാലം മുതലേ ഉണ്ടായിരുന്നു, ഐസക് ന്യൂട്ടനു മുമ്പേ പൗരാണിക ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചിരുന്നു തുടങ്ങിയ അവകാശവാദങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ഓപ്ഷണല്‍ ക്രഡിറ്റ് കോഴ്‌സായി ഭാരതീയ വിദ്യാ സാര്‍ എന്ന പുസ്തകം കൊണ്ടുവരും.
“ഇന്ത്യന്‍ നോളജ് സിസ്റ്റംസ്” എന്ന ഓപ്ഷണല്‍ ക്രഡിറ്റ് കോഴ്‌സ് അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പുതിയ സിലബസിന്റെ ഭാഗമാക്കാനും എച്ച്.ആര്‍.ഡി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലോസഫിക്കല്‍, ഭാഷാപരമായ, ആര്‍ട്ടിസ്റ്റിക് പാരമ്പര്യങ്ങളും യോഗയും ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള ലോക വീക്ഷണത്തെപ്പറ്റിയുള്ള ഇന്ത്യന്‍ കാഴ്ചപ്പാടും ഇതില്‍ ഉള്‍പ്പെടും.
“പഴയകാല ശാസ്ത്രീയ അറിവുകളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയാണ് കരിക്കുലം പരിഷ്‌കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.” എന്നാണ് കരിക്കുലം പരിഷ്‌കരണത്തില്‍ പങ്കാളിയായ പ്രഫസര്‍ പറഞ്ഞതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“ഇതുവരെ നമ്മള്‍ പഠിച്ചുകൊണ്ടിരുന്നത് ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ കാര്യങ്ങളാണ്. കാരണം നൂറുകണക്കിന് വര്‍ഷങ്ങള്‍ അവരാണ് നമ്മളെ ഭരിച്ചത്. അവര്‍ക്ക് തോന്നിയത് നമ്മളെ പഠിപ്പിക്കാനാണ് അവര്‍ താല്‍പര്യപ്പെട്ടത്. അക്കാര്യങ്ങള്‍ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.” എന്നു പറഞ്ഞാണ് സിലിബസില്‍ അശാസ്ത്രീയത തിരുകിക്കയറ്റുന്നതിനെ അദ്ദേഹം ന്യായീകരിക്കുന്നത്.