| Wednesday, 23rd July 2025, 8:09 pm

എഞ്ചിനീയര്‍ റാഷിദിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാരാമുല്ല എം.പി ഷെയ്ഖ് അബ്ദുള്‍ റാഷിദിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി. ദല്‍ഹി ഹൈക്കോടതിയുടേതാണ് അനുമതി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് എഞ്ചിനീയര്‍ റാഷിദിന് അനുമതി ലഭിച്ചത്.

പാര്‍ലമെന്റ് ചുമതലകള്‍ വഹിക്കുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, ജൂലൈ 24നും ഓഗസ്റ്റ് നാലിനുമിടയില്‍ പൊലീസ് സാന്നിധ്യത്തോടെ റാഷിദിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഉത്തരവിട്ടു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചന്ദര്‍ ജിത് സിങ്ങിന്റേതാണ് ഉത്തരവ്. ദല്‍ഹി ഹൈക്കോടതിയുടെ പട്യാല ഹൗസ് കോടതിയാണ് റാഷിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവില്‍ റാഷിദിന് കസ്റ്റഡി പരോളാണ് അനുവദിച്ചിട്ടുള്ളത്. ഇന്നലെ (തിങ്കള്‍) ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം ഓഗസ്റ്റ് 21നാണ് അവസാനിക്കുക.

അതേസമയം കോടതി ഉത്തരവില്‍ എതിര്‍പ്പ് അറിയിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), പാര്‍ലമെന്റിലേക്കുള്ള റാഷിദിന്റെ യാത്രാചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്ന് പറഞ്ഞു.

എന്നാല്‍ റാഷിദിന് ജാമ്യം അനുവദിക്കണമെന്നും പാര്‍ലമെന്റ് ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതിനാല്‍ യാത്രാ ചെലവുകള്‍ നല്‍കാതെ തന്നെ പാര്‍ലമെന്റില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നുമാണ് റാഷിദിന്റെ അഭിഭാഷകരായ ആദിത്യ വാധ്വ, വിഖ്യത് ഒബ്റോയ്, നിഷിത ഗുപ്ത എന്നിവര്‍ വാദിച്ചത്.

2017ലെ തീവ്രവാദ ഫണ്ടിങ് കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 2019 മുതല്‍ റാഷിദ് തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

കശ്മീര്‍ താഴ്വരയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കും വിഘടനവാദികള്‍ക്കും ധനസഹായം നല്‍കിയെന്ന കേസിലാണ് എഞ്ചിനീയര്‍ റാഷിദിനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ ബാരാമുല്ല പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് റാഷിദ് വാര്‍ത്തകളില്‍ ഇടം നേടിയത്. 2,04,142 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ബാരാമുല്ലയിൽ നിന്നും വിജയിച്ചത്.

Content Highlight: Engineer Rashid allowed to attend Parliament session

We use cookies to give you the best possible experience. Learn more