| Saturday, 12th July 2025, 6:59 am

ദുരൂഹത, പറന്നയുടൻ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായി; എയർ ഇന്ത്യ വിമാനാപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു.  ഇതോടെ പറന്നുയർന്ന് മൂന്ന് സെക്കൻഡുകൾക്ക് ശേഷം, എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധന വിതരണം നിലച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ലിഫ്റ്റ് ഓഫിന് ശേഷം നിമിഷങ്ങൾക്കുള്ളിൽ ‘റൺ ‘ സ്ഥാനത്തുനിന്ന് ‘കട്ട് ഓഫ് ‘ സ്ഥാനത്തേക്ക് മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കന്റുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

600 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോള്‍ എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ വിമാനം 600 അടി ഉയരത്തില്‍ എത്തിയ സമയത്തും ഈ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനില്‍ ആയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കാൻ തുടങ്ങി. RAT ആക്ടിവേഷൻ വിമാനത്തിന്റെ മുഴുവൻ ഉർജ്ജവും നഷ്ട്ടപെട്ടത് വ്യക്തമാകുന്നു. ഊർജ തടസം സംഭവിക്കുമ്പോഴാണ് RAT സാധാരണയായി സജീവമാകാറുള്ളത്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് 0.9നോട്ടിക്കൽ മൈൽ ദൂരെ ആണ് വിമാനം നിലംപതിച്ചത്.

വിമാനത്തിന്റെ ഫ്ലാപിന്റെ ക്രമികരണം സാധാരണ നിലയിൽ ആയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പക്ഷി ഇടിച്ചതോ പ്രതികൂല കാലാവസ്ഥയോ അല്ല അപകട കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ ശാരീരിക മാനസിക ആരോഗ്യ നിലയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അവർക്ക് അനുഭവപരിചയവും ഉണ്ടായിരുന്നു.

അപകടകരമായ വസ്തുകൾ വിമാനത്തിൽ ഇല്ലായിരുന്നുവെന്നും ഇന്ധന സ്വിച്ച് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ നിർദേശങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. FAA മാർഗ നിർദേശം ഉണ്ടായിരുന്നിട്ടും ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ പരിശോധന നടത്തിയിരുന്നില്ല. സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

15 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ട്.

Content Highlight: Engine fuel switches were cut off before Air India crash

We use cookies to give you the best possible experience. Learn more