കൊല്‍ക്കത്ത: സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന് എഞ്ചിന്‍ തകരാര്‍. കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിന് തകരാറുണ്ടായതായി പൈലറ്റ് അധികൃതരെ അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ തകരാര്‍ ചൂണ്ടിക്കാട്ടി യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. പിന്നാലെ റണ്‍ വേയില്‍ നിന്നും ടാര്‍മാര്‍ക്കിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
ബോയിങ് 777-200LR വിമാനമായ എ.ഐ180 ആണ് പുലര്‍ച്ചയോടെ കൊല്‍ക്കത്തയില്‍ ലാന്റ് ചെയ്തത്. പുലര്‍ച്ചെ 2 മണിയോടെ മുംബൈയിലേക്കെത്തേണ്ട വിമാനമായിരുന്നു ഇത്.
സാങ്കേതിക തകരാര്‍ കണ്ടെത്തിയതായും പുലര്‍ച്ചെ 5.20 ഓടെ എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായി തന്നെ വിമാനത്തില്‍ തകരാറുകള്‍ കാരണം പല വിമാനങ്ങളും തിരിച്ചിറക്കുകയും യാത്രക്കാരെ മറ്റൊരു ഫ്‌ളൈറ്റില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെയാണ് നിരന്തരം ഫ്‌ളൈറ്റുകള്‍ തകരാറിലാവുന്നവെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരെയും ജീവനക്കാരെയും വഹിച്ചുകൊണ്ട് പോയ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മേഘാനിനഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. വിശ്വസ് കുമാര്‍ രമേശ് എന്ന യാത്രക്കാരന്‍ മാത്രമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.
Content Highlight: Engine failure again; San Francisco-Mumbai flight diverted to Kolkata