| Tuesday, 17th November 2026, 3:55 pm

രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു: ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകള്‍ അടച്ച് പൂട്ടണം: ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകള്‍ അടച്ച് പൂട്ടണമെന്ന ആഹ്വാനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ. മിഷനിറി സ്ഥാപനങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നുമാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.

ക്രിസ്തുമതത്തിന്റെ സ്വാഭാവികമായ പ്രചാരണത്തിന് താന്‍ എതിരല്ലെന്നും, എന്നാല്‍ അസന്‍സോള്‍, ബര്‍ധമാന്‍ മേഖലകളില്‍ പ്രലോഭനങ്ങളിലൂടെയും നിര്‍ബന്ധിതമായും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്ന സ്‌കൂളുകളെ വെറുതെ വിടില്ലെന്നും ഭട്ടാചാര്യ പറഞ്ഞു.

കൊല്‍ക്കത്തയിലെ ഒരു പ്രമുഖ സ്‌കൂളില്‍ കാവി സാരി ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞുവെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ശ്രീകൃഷ്ണന്റെ പേര് ഉച്ചരിക്കരുതെന്ന് നിര്‍ദേശിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കൊല്‍ക്കത്തയിലെ പേര് വെളിപ്പെടുത്താത്ത ഒരു സ്‌കൂള്‍ അധികൃതരുടെ മുറിയിലെ മേശപ്പുറത്ത് പാകിസ്ഥാന്‍ പതാക വെച്ചിരുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ അവകാശപ്പെട്ടു.
അതേസമയം, ആരോപണവിധേയമായ സ്‌കൂളുകളുടെ പേരുകള്‍ വെളിപ്പെടുത്താനോ തെളിവുകള്‍ ഹാജരാക്കാനോ സമിക് ഭട്ടാചാര്യ തയ്യാറായില്ല.

ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ ക്രൈസ്തവ സംഘടനയായ ‘ബംഗീയ ക്രിസ്ത്യ പരിഷെബ’ രംഗത്തെത്തി. തെളിവുകളില്ലാതെ പൊതുവേദിയില്‍ ഇത്തരം സാമാന്യവത്ക്കരിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരുത്തരവാദപരവും അപകടകരവുമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി ഹെറോദ് മല്ലിക് പ്രതികരിച്ചു.

ആരോപണങ്ങള്‍ സത്യമാണെങ്കില്‍ ആ സ്‌കൂളുകളുടെ പേരുകള്‍ പുറത്തുവിടാന്‍ അദ്ദേഹം വെല്ലുവിളിച്ചു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളെ തങ്ങളും എതിര്‍ക്കുന്നുവെന്നും, എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് വഴിവെക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

Content Highlight: Engaging in anti-national activities: Christian missionary schools must be shut down, says Bengal BJP president.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more