| Saturday, 24th May 2025, 9:27 pm

'പൂച്ച സാറി'നേക്കാള്‍ വലിയ റിഫ്‌ളക്‌സ്! ബെന്‍ സ്റ്റോക്‌സിന്റെ റിയാക്ഷന്‍ ഇതാണെങ്കില്‍ അവിടെ സംഭവിച്ചത് എന്തായിരിക്കും? വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വേയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 45 റണ്‍സിനുമാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്. ഫോളോ ഓണ്‍ വഴങ്ങിയിട്ടും ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിലെത്താന്‍ ഷെവ്‌റോണ്‍സിന് സാധിക്കാതെ പോയി.

സ്‌കോര്‍

ഇംഗ്ലണ്ട്: 565/6d

സിംബാബ്‌വേ: 265 & 255 (f/o)

ഇംഗ്ലണ്ടിന്റെ വിജയത്തിനൊപ്പം തന്നെ മത്സരത്തിലെ ഒരു മനോഹര മുഹൂര്‍ത്തവും ചര്‍ച്ചയാവുകയാണ്. വെസ് ലി മധേവരെയെ പുറത്താക്കാന്‍ സ്ലിപ്പില്‍ ഹാരി ബ്രൂക്ക് കൈപ്പിടിയിലൊതുക്കിയ ക്യാച്ചാണ് ചര്‍ച്ചാ വിഷയം.

സിംബാബ് വേ ഇന്നിങ്‌സിന്റെ 48ാം ഓവറിലാണ് ഈ മനോഹര ക്യാച്ച് പിറവിയെടുത്തത്. ബെന്‍ സ്റ്റോക്‌സിന്റെ ഷോര്‍ട്ട് ബോളില്‍ ബാറ്റ് വെച്ച മധേവരെക്ക് പിഴച്ചു. ബാറ്റിന്റെ ടോപ് എഡ്ജില്‍ തട്ടി പന്ത് കുതിച്ചു.

എന്നാല്‍ പന്തെറിഞ്ഞ ക്യാപ്റ്റനെ പോലും ഞെട്ടിച്ചുകൊണ്ട് ബ്രൂക്ക് ചാടിയുയര്‍ന്ന് ഒറ്റക്കയ്യില്‍ ആ ക്യാച്ച് സ്വന്തമാക്കി.

മത്സരത്തില്‍ 300 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ സിംബാബ്‌വേക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിനെ വെറും ഒരു റണ്‍സിന് ഷെവ്‌റോണ്‍സിന് നഷ്ടമായി. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ രണ്ട് റണ്‍സിനും വീണതോടെ സന്ദര്‍ശകര്‍ 7/2 എന്ന നിലയിലേക്ക് വീണു.

മൂന്നാം വിക്കറ്റില്‍ ഷോണ്‍ വില്യംസും ബെന്‍ കറനും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി സിംബാബ്‌വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ ഒന്നിച്ച് ഈ ചെറുത്തുനില്‍പ്പ് 129ലാണ് അവസാനിച്ചത്.

82 പന്തില്‍ 88 റണ്‍സ് നേടിയ വില്യംസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഷോയ്ബ് ബഷീറാണ് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. അധികം വൈകാതെ 104 പന്ത് ക്രീസില്‍ നിന്ന് 37 റണ്‍സടിച്ച ബെന്‍ കറനെയും ബഷീര്‍ മടക്കി.

സിക്കന്ദര്‍ റാസ (38 പന്തില്‍ 60), വെസ് ലി മധേവരെ (36 പന്തില്‍ 31) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും ഇംഗ്ലണ്ട് ഉയര്‍ത്തിയ റണ്‍മല താണാനാകാതെ സിംബാബ്‌വേ വീണു.

ഇംഗ്ലണ്ടിനായി ഷോയ്ബ് ബഷീര്‍ ആറ് വിക്കറ്റുമായി തിളങ്ങി. ഗസ് ആറ്റ്കിന്‍സണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഷ് ടങ്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒലി പോപ്പ് (166 പന്തില്‍ 141), ബെന്‍ ഡക്കറ്റ് (134 പന്തില്‍ 170), സാക് ക്രോളി (141 പന്തില്‍ 124) എന്നിവരുടെ സെഞ്ച്വറിയുടെയും അര്‍ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെയും കരുത്തില്‍ 565/6 എന്ന നിലയില്‍ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ ബ്രയന്‍ ബെന്നറ്റിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഷെവ്‌റോണ്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. 143 പന്തില്‍ 139 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. 26 ഫോറുകളടക്കം 97.20 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ആദ്യ ഇന്നിങ്സില്‍ സിംബാബ്‌വേ നേടിയ റണ്‍സിന്റെ പകുതിയലധികവും ബെന്നറ്റാണ് അടിച്ചെടുത്തത്.

64 പന്തില്‍ 42 റണ്‍സ് നേടിയ ക്രെയ്ഗ് ഇര്‍വിനാണ് ഷെവ്റോണ്‍സ് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഒടുവില്‍ 265ന് സിംബാബ്‌വേ പുറത്തായി.

ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനായി ഷോയ്ബ് ബഷീര്‍ മൂന്നും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. റിച്ചാര്‍ഡ് എന്‍ഗരാവ ആബ്സന്റ് ഹര്‍ട്ടായി ക്രീസിലെത്താതിരുന്നപ്പോള്‍ സാം കുക്ക്, ജോഷ് ടംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: ENG vs ZIM: Harry Brook’s brilliant catch to dismiss Wesley Madhevare goes viral

We use cookies to give you the best possible experience. Learn more