സിംബാബ്‌വേയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ചരിത്രമെഴുതി ഷെവ്‌റോണ്‍സ് സൂപ്പര്‍ താരം ബ്രയാന്‍ ബെന്നറ്റ്. ട്രെന്റ് ബ്രിഡ്ജില്‍ ഇരു ടീമുകളും നടക്കുന്ന വണ്‍ ഓഫ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് ബെന്നറ്റ് ചരിത്രമെഴുതിയത്.
143 പന്തില്‍ 139 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. 26 ഫോറുകളടക്കം 97.20 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വേ നേടിയ റണ്‍സിന്റെ പകുതിയലധികവും ബെന്നറ്റാണ് അടിച്ചെടുത്തത്.
നേരിട്ട 97ാം പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ ഫോര്‍ നേടിക്കൊണ്ടായിരുന്നു ബെന്നറ്റ് തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറിക്ക് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളും താരം സ്വന്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഷെവ്‌റോണ്‍സ് താരമെന്ന നേട്ടമാണ് ഇതിലാദ്യം. 2016ല്‍ ന്യൂസിലാന്‍ഡിനെതിരെ ഷോണ്‍ വില്യംസ് 106 പന്തില്‍ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് ബെന്നറ്റ് തന്റെ 97 ബോള്‍ സെഞ്ച്വറിയിലൂടെ പഴങ്കഥയാക്കിയത്.
(താരം – എതിരാളികള്‍ – സെഞ്ച്വറി നേടാന്‍ വേണ്ടി വന്ന പന്തുകള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)
ബ്രയാന്‍ ബെന്നറ്റ് – ഇംഗ്ലണ്ട് – 97 – 2025 – ട്രെന്റ് ബ്രിഡ്ജ്*
ഷോണ്‍ വില്യംസ് – ന്യൂസിലാന്‍ഡ് – 106 – 2016 – ബുലവായോ
ഷോണ്‍ വില്യംസ് – അഫ്ഗാനിസ്ഥാന്‍ – 115 – 2024 – ബുലവായോ
ഇതിനൊപ്പം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ സിംബാബ്‌വേ ഓപ്പണര്‍ എന്ന ചരിത്ര റെക്കോഡും ബെന്നറ്റ് തന്റെ പേരിലെഴുതിച്ചേര്‍ത്തു.
അതേസമയം, ഇംഗ്ലണ്ടിനെതിരെ ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബെന്നറ്റിന് പിഴച്ചിരുന്നു. പത്ത് പന്തില്‍ ഒരു റണ്‍സടിച്ചാണ് താരം മടങ്ങിയത്. ഗസ് ആറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയായിരുന്നു ബെന്നറ്റ് തിരിച്ചുനടന്നത്.
നിലവില്‍15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 എന്ന നിലയിലാണ് സിംബാബ്‌വേ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.
സ്‌കോര്‍
ഇംഗ്ലണ്ട് – 656/6d
സിംബാബ്‌വേ – 265 & 58/2 (15)
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒലി പോപ്പ് (166 പന്തില്‍ 141), ബെന്‍ ഡക്കറ്റ് (134 പന്തില്‍ 170), സാക് ക്രോളി (141 പന്തില്‍ 124) എന്നിവരുടെ സെഞ്ച്വറിയുടെയും അര്‍ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെയും കരുത്തില്‍ 565/6 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് 265 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 64 പന്തില്‍ 42 റണ്‍സ് നേടിയ ക്രെയ്ഗ് ഇര്‍വിനാണ് ഷെവ്‌റോണ്‍സ് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഷോയ്ബ് ബഷീര്‍ മൂന്നും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. റിച്ചാര്‍ഡ് എന്‍ഗരാവ ആബ്‌സന്റ് ഹര്‍ട്ടായി ക്രീസിലെത്താതിരുന്നപ്പോള്‍ സാം കുക്ക്, ജോഷ് ടംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: ENG vs ZIM: Brian Bennet scored historical century against England