വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ലീഡുമായി ആതിഥേയര്‍. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 238 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.
ത്രീ ലയണ്‍സ് ഉയര്‍ത്തിയ 401 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 162ന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇംഗ്ലണ്ടിനായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് താരങ്ങളുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് 400 എന്ന മികച്ച സ്‌കോറിലെത്തിയത്. 53 പന്തില്‍ 82 റണ്‍സ് നേടിയ ജേകബ് ബേഥലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ബെന്‍ ഡക്കറ്റ് (48 പന്തില്‍ 60), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (45 പന്തില്‍ 58), ജോ റൂട്ട് (65 പന്തില്‍ 57) എന്നിവരാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.
ഇവര്‍ക്ക് പുറമെ വില്‍ ജാക്‌സ് (24 പന്തില്‍ 39), ജെയ്മി സ്മിത് (24 പന്തില്‍ 37), ജോസ് ബട്‌ലര്‍ (32 പന്തില്‍ 37) എന്നിവരുടെ പ്രകടനവും ഇംഗ്ലണ്ട് നിരയില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 400ലെത്തി.
വെസ്റ്റ് ഇന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്റ്റിന്‍ ഗ്രീവ്‌സ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. നാല് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും കൂടാരം കയറി.
മൂന്നാം വിക്കറ്റില്‍ കെയ്‌സി കാര്‍ട്ടിയും ക്യാപ്റ്റന്‍ ഷായ് ഹോപ്പും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ ഇരുവരും മടങ്ങി. ഹോപ്പ് 21 പന്തില്‍ 25 റണ്‍സും കാര്‍ട്ടി 26 പന്തില്‍ 22 റണ്‍സും സ്വന്തമാക്കിയാണ് പുറത്തായത്.
തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ സന്ദര്‍ശകര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി. 11ാം നമ്പറിലിറങ്ങി 14 പന്തില്‍ പുറത്താകാതെ 29 റണ്‍സ് നേടിയ ജെയഡന്‍ സീല്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ഒടുവില്‍ 26.2 ഓവറില്‍ 162ന് കരീബിയന്‍സ് പുറത്തായി.
ഇംഗ്ലണ്ടിനായി ജെയ്മി ഓവര്‍ട്ടണും സാഖിബ് മഹ്‌മൂദും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആദില്‍ റഷീദ് രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ ബ്രൈഡന്‍ കാര്‍സും ജേകബ് ബേഥലും ഓരോ താരങ്ങളെയും മടക്കി വിന്‍ഡീസിന്റെ തോല്‍വി ഉറപ്പാക്കി.
ജൂണ്‍ ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വെയ്ല്‍സ്, കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സാണ് വേദി. പരമ്പര കൈവിടാതിരിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം അനിവാര്യമാണ്.
Content Highlight: ENG vs WI: England won the 1st ODI