ഏകദിന പരമ്പരയിലെ വൈറ്റ്‌വാഷ് വിജയത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകരെ 21 റണ്‍സിന് തകര്‍ത്ത് ത്രീ ലയണ്‍സ്. കഴിഞ്ഞ ദിവസം റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ലീഡ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കം പാളിയിരുന്നു. നാല് പന്തില്‍ ഒറ്റ റണ്‍സ് നേടിയ സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി ജോസ് ബട്‌ലറെത്തിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തി.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് ബട്‌ലര്‍ ഉറച്ചുനിന്നു. 59 പന്ത് നേരിട്ട് ആറ് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 96 റണ്‍സാണ് താരം സ്വന്തമാക്കിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് നാല് റണ്‍സകലെ അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.
20 പന്തില്‍ 38 റണ്‍സ് നേടിയ ജെയ്മി സ്മിത്തും 23 പന്തില്‍ 23 റണ്‍സ് നേടിയ ജേകബ് ബേഥലുമാണ് ഇംഗ്ലണ്ട് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 188ലെത്തി.
വെസ്റ്റ് ഇന്‍ഡീസിനായി ഐ.പി.എല്‍ ചാമ്പ്യന്‍ റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. റോയ്‌സറ്റണ്‍ ചെയ്‌സ്, ആന്ദ്രേ റസല്‍, അല്‍സാരി ജോസഫ് എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ആ തുടക്കം മുതലാക്കാന്‍ പിന്നാലെയെത്തിയവര്‍ക്ക് സാധിച്ചില്ല. 23 പന്തില്‍ 39 റണ്‍സ് നേടിയ എവിന്‍ ലൂയീസാണ് ടോപ് സ്‌കോറര്‍.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് ഓടിയടുക്കാന്‍ അനുവദിക്കാതെ തളച്ചിട്ടു. ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റില്‍ 167ന് പോരാട്ടം അവസാനിപ്പിച്ചു.
ഇംഗ്ലണ്ടിനായി ലിയാം ഡോവ്‌സണ്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി. മാത്യു പോട്‌സും ജേകബ് ബേഥലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ആദില്‍ റഷീദ് ഒരു വിക്കറ്റും സ്വന്തമാക്കി.
നാളെയാണ് പരമ്പരയിലെ അടുത്ത മത്സരം. സിയാറ്റ് യുണീക്ക് സ്റ്റേഡിയമാണ് വേദി.
Content Highlight: ENG vs WI: England defeated West Indies in 1st T20