സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ട് ഉയര്‍ത്തിയ 415 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്.
ഏയ്ഡന്‍ മര്‍ക്രവും വിയാന്‍ മുള്‍ഡറും പൂജ്യത്തിന് മടങ്ങിയപ്പോള്‍ അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടിയാണ് റിയാന്‍ റിക്കല്‍ടണ്‍ പുറത്തായത്. തുടര്‍ച്ചായ ഇന്നിങ്‌സുകളില്‍ 50+ റണ്‍സടിച്ച് ചരിത്രം തിരുത്തിക്കുറിച്ച മാത്യൂ ബ്രീറ്റ്‌സ്‌കിക്കും സതാംപ്ടണില്‍ കാലിടറി. 10 പന്തില്‍ നാല് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
കരിയറിലെ ആദ്യ അഞ്ച് ഏകദിനത്തിലും 50+ സ്‌കോര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ബ്രീറ്റ്‌സ്‌കി ചരിത്രമെഴുതിയത്. കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരം അടുത്ത നാല് മത്സരത്തിലും 50+ സ്‌കോറും സ്വന്തമാക്കി. ആദ്യ അഞ്ച് മത്സരത്തില്‍ നിന്നുമായി 463 റണ്‍സാണ് താരം അടിച്ചെടുത്തത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 150 റണ്‍സുമായാണ് ബ്രീറ്റ്‌സ്‌കി വരവറിയിച്ചത്. ലാഹോറില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍. പാകിസ്ഥാനെതിരെ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 84 പന്ത് നേരിട്ട താരം 83 റണ്‍സാണ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ അടുത്ത രണ്ട് മത്സരങ്ങളും. ക്രെയ്ന്‍സില്‍ 56 പന്തില്‍ 57 റണ്‍സടിച്ച താരം ഗ്രേറ്റ് ബാരിയര്‍ റീഫില്‍ 78 പന്ത് നേരിട്ട് 88 റണ്‍സും അടിച്ചെടുത്തു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 77 പന്ത് നേരിട്ട താരം 85 റണ്‍സും സ്വന്തമാക്കി.
പുരുഷ ഏകദിനത്തില്‍ ആദ്യ അഞ്ച് മത്സരത്തില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും താരം ഒന്നാമതെത്തിയിരുന്നു. ആദ്യ അഞ്ച് ഏകദിനത്തില്‍ 400+ റണ്‍സ് നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടവും രണ്ടാം ഏകദിനത്തിന് പിന്നാലെ താരം നേടിയിരുന്നു. എന്നാല്‍ ഡെഡ് റബ്ബര്‍ മത്സരത്തില്‍ ജോഫ്രാ ആര്‍ച്ചറിനോട് തോറ്റ് മടങ്ങാനായിരുന്നു താരത്തിന്റെ വിധി.
അതേസമയം, മത്സരം പത്ത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 24 എന്ന നിലയിലാണ് പ്രോട്ടിയാസ് ബാറ്റിങ് തുടരുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (22 പന്തില്‍ പത്ത്), ഡെവാള്‍ഡ് ബ്രെവിസ് (12 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഒടുവില്‍ ടീമിന് നഷ്ടമായത്.
Content Highlight: ENG vs SA: Jofra Archer dismissed Matthew Breetzke