| Saturday, 13th September 2025, 9:43 am

സിംബാബ്‌വെയും, നേപ്പാളും പിന്നെ ഇംഗ്ലണ്ടും; ചരിത്രത്തില്‍ ഇങ്ങനെ ഇവര്‍ മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെ സൂപ്പര്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. പ്രോട്ടിയാസിനെതിരെയുള്ള ടി – 20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് 146 റണ്‍സിന്റെ കൂറ്റന്‍ വിജയം ടീം സ്വന്തമാക്കിയത്. ഫില്‍ സാള്‍ട്ടിന്റെയും ജോഫ്രാ ആര്‍ച്ചരുടെയും കരുത്തിലാണ് ആതിഥേയര്‍ വിജയികളായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 158ല്‍ അവസാനിക്കുകയായിരുന്നു. അതോടെ വിജയിച്ച് പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു.

സൗത്ത് ആഫ്രിക്കക്കെതിരെ 300 റണ്‍സ് പടുത്തുയര്‍ത്തിയതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനായി. അന്താരാഷ്ട്ര ടി – 20യില്‍ 300 റണ്‍സ് നേടുന്ന മൂന്നാമത്തെ ടീമാകാനാണ് ഇംഗ്ലണ്ടിന് സാധിച്ചത്. സിംബാബ്‌വെയും നേപ്പാളുമാണ് ഈ നേട്ടത്തില്‍ മുമ്പ് ഈ നേട്ടത്തില്‍ എത്തിയത്.

അന്താരാഷ്ട്ര ടി – 20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍ നേടിയ ടീമുകള്‍

(ടീം – സ്‌കോര്‍ – എതിരാളി – വര്‍ഷം എന്നെ ക്രമത്തില്‍)

സിംബാബ്‌വെ – 344/4 – ഗാംബിയ – 2024

നേപ്പാള്‍ – 314/3 – മംഗോളിയ – 2023

ഇംഗ്ലണ്ട് – 304/2 – സൗത്ത് ആഫ്രിക്ക – 2025

ഇന്ത്യ – 297/6 – ബംഗ്ലാദേശ് – 2024

സിംബാബ്‌വെ – 286/5 – സീഷെല്‍സ് – 2024

അതേസമയം, ഫില്‍ സാള്‍ട്ടിന്റെ സെഞ്ച്വറിയുടെയും ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണറായി എത്തിയ സാള്‍ട്ട് 60 പന്തില്‍ പുറത്താകാതെ 141 റണ്‍സാണ് നേടിയത്. 235 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്സ് എട്ട് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു.

ബട്‌ലര്‍ 30 പന്തുകള്‍ നേരിട്ട് 83 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 276.67 പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് ഏഴ് സിക്സും എട്ട് ഫോറുമാണ്. ഹാരി ബ്രൂക്ക് 21 പന്തില്‍ ഒരു സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 41 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ബാറ്റിങ്ങിനെത്തിയ മറ്റൊരു താരം ജേക്കബ് ബേഥല്‍ 14 പന്തില്‍ 26 റണ്‍സും എടുത്തു.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമും ബ്യോണ്‍ ഫോര്‍ട്ടുയിന്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. മര്‍ക്രം 20 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 41 റണ്‍സാണ് സ്വന്തമാക്കിയത്. ഫോര്‍ട്ടുയിന്‍ 16 പന്തില്‍ 32 റണ്‍സും എടുത്തു. 23 റണ്‍സ് വീതം നേടിയ ഡൊണോവന്‍ ഫെരേരയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സുമാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വില്‍ ജാക്സ്, സാം കറന്‍, ലിയാം ഡോസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് ഒരു വിക്കറ്റും പിഴുതു.

Content Highlight: Eng vs SA: England became third team to score 300 runs in T20I

We use cookies to give you the best possible experience. Learn more