| Sunday, 13th September 2026, 6:07 pm

മൂന്നില്‍ മൂന്നും നാണംകെട്ട് തോറ്റപ്പോഴും പരമ്പരയിലെ താരം പാകിസ്ഥാനില്‍ നിന്ന്; തോല്‍വിയിലും ചിരിച്ച് അബ്ബാസ്

ആദർശ് എം.കെ.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും പരാജയം രുചിച്ച് സന്ദര്‍ശകര്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ് പരമ്പര നഷ്ടപ്പെട്ടതോടെ മുഖം രക്ഷിക്കാനെങ്കിലും ഡെഡ് റബ്ബര്‍ മാച്ചില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ പാകിസ്ഥാന് അതിന് സാധിക്കാതെ പോവുകയായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍വിയറിഞ്ഞത്.

അവസാന ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും ജോര്‍ദന്‍ കോക്‌സിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

സ്‌കോര്‍

പാകിസ്ഥാന്‍: 133 & 449

ഇംഗ്ലണ്ട്: 453 & 130/2 (T: 130)

മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഡാന്‍ ലോറന്‍സ് മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണും പാക് മീഡിയം പേസര്‍ മുഹമ്മദ് അബ്ബാസും പരമ്പരയിലെ താരങ്ങളുമായി.

പാകിസ്ഥാന്‍ ഒറ്റ മത്സരം പോലും വിജയിക്കാതെ പോയപ്പോഴും വ്യക്തിഗത മികവിലാണ് അബ്ബാസ് പരമ്പരയുടെ താരമായത്. ഫലത്തേക്കാള്‍ മത്സരങ്ങളില്‍ അബ്ബാസ് ഉണ്ടാക്കിയ ഇംപാക്ടാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 13 വിക്കറ്റുകളാണ് ഈ പരമ്പരയില്‍ അബ്ബാസിന്റെ സമ്പാദ്യം.

മുഹമ്മദ് അബ്ബാസ് 

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലൊഴികെ പാക് ബാറ്റര്‍മാര്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ ബൗളര്‍മാരുടെ മോശമല്ലാത്ത പ്രകടനം മാത്രമാണ് പാക് ആരാധകര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ഇതില്‍ എടുത്ത് പറയേണ്ട പേര് അബ്ബാസിന്റേത് തന്നെയാണ്.

ഇംഗ്ലണ്ട് ഇന്നിങ്‌സ് ജയം സ്വന്തമാക്കിയ ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് അബ്ബാസിന് സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുമായി താരം കരുത്ത് കാട്ടി.

ആദ്യ ഇന്നിങ്‌സില്‍ 20 ഓവറില്‍ 73 റണ്‍സ് വഴങ്ങി ക്യാപ്റ്റന്‍ ജോ റൂട്ടിന്റേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ 22 ഓവറില്‍ 57 റണ്‍സിന് അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി.

എഡ്ജ്ബാസ്റ്റണില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയാണ് താരം പരമ്പര അവസാനിപ്പിച്ചത്.

മുഹമ്മദ് അബ്ബാസ് 

ഈ പരമ്പരയിലെ മികച്ച പ്രകടനം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27ലെ വിക്കറ്റ് വേട്ടക്കാരില്‍ ടോപ്പ് ടെന്നിലേക്കും അബ്ബാസിനെ കൊണ്ടെത്തിച്ചു. ആറ് മത്സരത്തിലെ 11 ഇന്നിങ്‌സില്‍ നിന്നും 31 വിക്കറ്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് അബ്ബാസ്.

21.06 ശരാശരിയിലും 43.90 സ്‌ട്രൈക് റേറ്റിലും പന്തെറിയുന്ന അബ്ബാസ് ഒരു ഫോര്‍ഫറും മൂന്ന് ഫൈഫറുകളും നേടിയിട്ടുണ്ട്.

ഈ വിജയത്തോടെ ഇംഗ്ലണ്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആറാമതാണ്. 16 മത്സരത്തില്‍ നിന്ന് ഏഴ് വിജയവും എട്ട് തോല്‍വിയും ഒരു സമനിലയുമായി 74 പോയിന്റും 38.54 പോയിന്റ് ശതമാനവുമാണ് ഇംഗ്ലണ്ടിനുള്ളത്.

അതേസമയം, ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. കളിച്ച ഒമ്പതില്‍ ഏഴിലും പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നത്. രണ്ട് ജയത്തോടെ 16 പോയിന്റും 14.81 പി.സി.ടിയുമാണ് ഏഷ്യന്‍ ടീമിന്റെ സമ്പാദ്യം.

Content Highlight: ENG vs PAK Test Series: Mohammed Abbas wins player of the series award alongside with Ollie Robinson

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more