| Sunday, 26th October 2025, 1:59 pm

കോഹ്‌ലിയുടെ പാതയിൽ വില്ലിച്ചായനും; തിരിച്ചുവരവിൽ 'പൊന്മുട്ടയിട്ട്' മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കായി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. ഏഴ് മാസത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരം ആദ്യ പന്തില്‍ തന്നെ മടങ്ങുകയായിരുന്നു. മത്സരത്തില്‍ രണ്ടാം ഓവറിലായിരുന്നു താരം ബാറ്റിങ്ങിനെത്തിയത്.

ന്യൂസിലാന്‍ഡ് ഓപ്പണര്‍ വില്‍ യങ് പുറത്തായതിന് ശേഷമാണ് വില്യംസണ്‍ ക്രീസിലെത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തിന് കാത്തിരുന്ന ആരാധകരെ നിരാശരാക്കി നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ബ്രൈഡന്‍ കാര്‍സിനായിരുന്നു താരത്തിന്റെ വിക്കറ്റ്.

ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് താരം ന്യൂസിലാന്‍ഡിനായി കളത്തില്‍ ഇറങ്ങിയത്. താരം അവസാനമായി കളിച്ചത് ഇന്ത്യക്കെതിരെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു അത്. ടൂര്‍ണമെന്റിലെ ഫൈനലിലായിരുന്നു താരം അവസാനമായി 50 ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത്.

അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ഏകദിനത്തില്‍ കീവിസ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഡാരല്‍ മിച്ചലിന്റെ കരുത്തിലാണ് ടീമിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയം ലക്ഷ്യം കിവികള്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ മിച്ചല്‍ 91 പന്തില്‍ പുറത്താവാതെ 78 റണ്‍സെടുത്തു. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. താരത്തിനൊപ്പം മൈക്കല്‍ ബ്രേസ്വെല്ലും മികച്ച പ്രകടനം നടത്തി. താരം 51 പന്തില്‍ ആറ് ഫോറടക്കം 51 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം, ലൂക്ക് വുഡും ആദില്‍ റഷീദും ഒരു വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തകര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ച് 33 നിലയില്‍ നിന്ന ടീമിനെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. താരം മത്സരത്തില്‍ 101 പന്തില്‍ 135 റണ്‍സാണ് എടുത്തത്. 11 സിക്സും ഒമ്പത് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്.

കൂടാതെ, ജാമി ഓവെര്‍ട്ടനും മികച്ച പ്രകടനം നടത്തി. താരം 54 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കം 46 റണ്‍സ് എടുത്തു. മറ്റാരും ബാറ്റിങ്ങില്‍ തിളങ്ങാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

ന്യൂസിലാന്‍ഡിനായി സക്കറി ഫൗള്‍ക്‌സ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകള്‍ നേടി. ഒപ്പം മറ്റ് ഹെന്റി രണ്ടും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Eng vs NZ: Kane Williamson dismissed for golden duck on his return to team

We use cookies to give you the best possible experience. Learn more