| Saturday, 21st June 2025, 1:32 pm

പിന്നെ ജനറേഷണല്‍ ടാലന്റ് എന്ന് വെറുതെ വിളിക്കുന്നതാണോ! സാക്ഷാല്‍ ബ്രാഡ്മാനെ മറികടന്ന് ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ തങ്ങളുടെ ആദ്യ മത്സരം തന്നെ വിജയിച്ച് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെയാണ് ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയെന്ന് പുനര്‍നാമകരണം ചെയ്ത അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ ആരംഭിച്ചിരിക്കുകയാണ്.

ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.

യുവതാരം ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളത്തിലിറങ്ങിയ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈസ് ക്യാപ്റ്റനുമാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സും റിഷബ് പന്ത് 102 പന്തില്‍ 65 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ തന്റെ ടെസ്റ്റ് സ്‌കോര്‍ ജെയ്‌സ്വാള്‍ 813ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. പത്ത് ഇന്നിങ്‌സില്‍ നിന്നും 90.33 ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡിലും ജെയ്‌സ്വാള്‍ ഒന്നാമനായി. ഇംഗ്ലണ്ടിനെതിരെ ചുരുങ്ങിയത് 500 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരമെന്ന റെക്കോഡാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 63 ഇന്നിങ്‌സില്‍ നിന്നും 5028 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്. 89.78 ശരാശരിയാണ് ക്രിക്കറ്റ് ലെജന്‍ഡിനുണ്ടായിരുന്നത്.

ഇതോടെ ഇംഗ്ലണ്ടിനെതിരെ 90 ശരാശരിയില്‍ ബാറ്റ് വീശുന്ന ആദ്യ താരമായും ഇതോടെ ജെയ്‌സ്വാള്‍ മാറി.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ മടക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.

പിന്നാലെയെത്തിയ സായ് സുദര്‍ശന്‍ നിരാശപ്പെടുത്തി. തന്റെ ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ പൂജ്യം റണ്‍സുമായാണ് സായ് മടങ്ങിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന്റെ കൈകളിലൊതുങ്ങിയാണ് താരം തിരിച്ചുനടന്നത്.

നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഗില്ലിന്റെ മികച്ച പ്രകടനത്തിനാണ് ശേഷം ലീഡ്‌സ് സാക്ഷ്യം വഹിച്ചത്. യശസ്വി ജെയ്‌സ്വാളിനെ ഒപ്പം കൂട്ടി 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഒരു വശത്ത് ഗില്ലും മറുവശത്ത് ജെയ്‌സ്വാളും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. സ്റ്റോക്‌സ് തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

ടീം സ്‌കോര്‍ 221ല്‍ നില്‍ക്കവെ ജെയ്‌സ്വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 158 പന്ത് നേരിട്ട് 101 റണ്‍സിനാണ് താരം മടങ്ങിയത്. 16 ഫോറും ഒരു സിക്‌സറുമടക്കം നേടി നില്‍ക്കവെ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.

പിന്നാലെയെത്തിയ റിഷബ് പന്തും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ആദ്യ ദിവസം ഇന്ത്യ മികച്ച സ്‌കോറിലെത്തിയിരിക്കുകയാണ്.

Content highlight: ENG vs IND: Yashasvi Jaiswal surpassed Donald Bradman in an elite list

We use cookies to give you the best possible experience. Learn more