വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചും പരമ്പരയിലെ പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യൂ.വി. രാമന്‍. 2007ലെ ടി-20 ലോകകപ്പ് സ്‌ക്വാഡിന് സമാനമായ അവസ്ഥയിലാണ് ശുഭ്മന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമുള്ളത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ആദ്യ ടി-20 ലോകകപ്പില്‍ ധോണിയുടെ ടീമിന്റെ അതേ അവസ്ഥയിലാണ് ഈ ടീം എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഒരു പ്രതീക്ഷയും ഇല്ല. എന്നാല്‍ ഇത് വളരെ വലിയ അഡ്വാന്റേജുമാണ്,’ ഡബ്ല്യൂ.വി. രാമന്‍ പറഞ്ഞു.
2007 ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെയാണ് എം.എസ്. ധോണിയെ ക്യാപ്റ്റന്‍സിയേല്‍പിച്ച് ഇന്ത്യ 2007 ടി-20 ലോകകപ്പിനിറങ്ങിയത്. സീനിയര്‍ താരങ്ങളെ പുറത്തിരുത്തി ഭൂരിഭാഗവും യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ലോകകപ്പിനെത്തിയത്.
ധോണിയുടെ ക്യാപ്റ്റന്‍സിയിലെത്തിയ ഇന്ത്യയെ ആരും എതിരാളികളായി പോലും കണ്ടിരുന്നില്ല. സച്ചിനടക്കമുള്ളവരുടെ അസാന്നിധ്യവും ടീമിനെ വിലകുറച്ചുകാണാനുള്ള കാരണമായി. എന്നാല്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് എം.എസ്. ധോണിയെന്ന നീളന്‍മുടിക്കാരന്‍ ഇന്ത്യയെ കിരീടത്തിലേക്ക് കൈപിടിച്ച് നടത്തുകയായിരുന്നു.
സമാനമാണ് ഇംഗ്ലണ്ട് കീഴടക്കാനെത്തിയ ഇന്ത്യന്‍ ടീമിന്റെയും അവസ്ഥ. അനുഭവസമ്പത്തുള്ള വിരാടും രോഹിത്തും വിരമിച്ചു. 50 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് ടീമിലുള്ളത്. ക്യാപ്റ്റനാകട്ടെ യുവതാരം ശുഭ്മന്‍ ഗില്ലും.
എഴുതിത്തള്ളാന്‍ കാരണമേറെയുണ്ടെങ്കിലും 2007 ടി-20 ലോകകപ്പില്‍ നിന്നും ഗില്ലും സംഘവും പ്രചോദനമുള്‍ക്കൊള്ളുകയാണെങ്കില്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യ വിജയിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയായും ഇത് മാറും.
ജൂണ്‍ 20നാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലീഡ്‌സിലെ ഹെഡിങ്‌ലിയാണ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Content Highlight: ENG vs IND: WV Raman about India’s Test squad