| Friday, 20th June 2025, 3:29 pm

ഇതിഹാസങ്ങള്‍ പിറവിയെടുക്കുന്ന ജൂണ്‍ 20; അരങ്ങേറ്റത്തിന് ഇതിലും മികച്ച ദിവസം മറ്റൊന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്.

ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.

യുവതാരം സായ് സുദര്‍ശന്റെ അന്താരാഷ്ട്ര റെഡ്‌ബോള്‍ അരങ്ങേറ്റത്തിന് കൂടിയാണ് ലീഡ്‌സ് ടെസ്റ്റ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയ്ക്കായി ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുന്ന 317ാം താരമായാണ് സായ് കളത്തിലിറങ്ങുന്നത്. ടെസ്റ്റ് ലെജന്‍ഡ് ചേതേശ്വര്‍ പൂജാരയാണ് സായ് സുദര്‍ശന് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്.

ഐ.പി.എല്ലില്‍ പുറത്തെടുത്ത മികച്ച പ്രകടനം താരം ഈ പരമ്പരയിലും തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച അതേ ജൂണ്‍ 20ന് തന്നെയാണ് സായ് സുദര്‍ശനും തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി എന്നിവരും ജൂണ്‍ 20നാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

1996 ജൂണ്‍ 20നാണ് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജൂണ്‍ 20ന് വിരാട് കോഹ്‌ലിയും ടെസ്റ്റില്‍ അരങ്ങേറി. വിരാടിനൊപ്പം അഭിനവ് മുകുന്ദും പ്രവീണ്‍ കുമാറും ടെസ്റ്റില്‍ തങ്ങളുടെ ആദ്യ മത്സരം കളിച്ചു.

ദ്രാവിഡ്, ഗാംഗുലി, വിരാട് എന്നിവരുടെ ലെഗസി പിന്തുടരാന്‍ കാലിബറുള്ള താരം തന്നെയാണ് സായ് സുദര്‍ശന്‍. ജൂണ്‍ 20 ഈ തമിഴ്‌നാട്ടുകാരന്റെയും കരിയറിലെ ഭാഗ്യദിനമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അതേസമയം, പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.

Content Highlight: ENG vs IND: Sai Sudarshan made his test debut

Latest Stories

We use cookies to give you the best possible experience. Learn more