ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പടിയിറക്കത്തിന് പിന്നാലെ ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
അഞ്ച് മത്സരങ്ങള്‍ക്കാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ്.
സൂപ്പര്‍ താരം മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ഷമിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെടുന്നത്.
‘ഭാവിയെ കൂടി മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഗില്ലിനെ ക്യാപ്റ്റന്‍യിയേല്‍പ്പിച്ചിരിക്കുന്നത്. മുഹമ്മദ് ഷമി ടീമിലില്ലാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
ഇന്ത്യയുടേത് ഒരു യുവ നിരയാണെന്നാണ് തോന്നുന്നത്. എത്രത്തോളം യുവ നിരയെന്നാല്‍ കുറച്ചു വര്‍ഷങ്ങളിലേക്ക് ഇവര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കും,’ ബി.ബി.സി ടെസ്റ്റ് മാച്ച് സ്‌പെഷ്യലില്‍ വോണ്‍ പറഞ്ഞു.
വോണിന്റെ നിരീക്ഷണം ശരിവെക്കുന്നതാണ് ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്. ഈ സ്‌ക്വാഡില്‍ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് 50 ടെസ്റ്റുകള്‍ കളിച്ചത്. രവീന്ദ്ര ജഡജേയും (80) കെ.എല്‍. രാഹുലും (58). മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി 64 ടെസ്റ്റുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
Content Highlight: ENG vs IND: Michael Vaughn about Mohammed Shami’s absence in India’s test squad