ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ നാലാം ദിവസം തുടരുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടാന്‍ സാധിക്കാതെ വന്നതോടെ മികച്ച രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ആതിഥേയര്‍.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ട് റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ലഞ്ചിന് മുമ്പ് തന്നെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ബെന്‍ ഡക്കറ്റ് (12 പന്തില്‍ 12) ഒലി പോപ്പ് (17 പന്തില്‍ നാല്), സാക്ക് ക്രോളി (49 പന്തില്‍ 22), ഹാരി ബ്രൂക്ക് (19 പന്തില്‍ 23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ട്, നായകന്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കുമെന്നാണ് ബാര്‍മി ആര്‍മിയുടെ ഉറച്ച പ്രതീക്ഷ.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോമഗമിക്കവെ ഒരു തകര്‍പ്പന്‍ റെക്കോഡും റൂട്ട് സ്വന്തമാക്കി. ഒരു രാജ്യത്ത് ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ഇതിഹാസ താരം ജാക് കാല്ലിസിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് റൂട്ട്.
7578 റണ്‍സ് – റിക്കി പോണ്ടിങ് ഓസ്‌ട്രേലിയയില്‍
7216 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയില്‍
7167 – മഹേല ജയവര്‍ധനെ ശ്രീലങ്കയില്‍
7036* – ജോ റൂട്ട് ഇംഗ്ലണ്ടില്‍
7035 – ജാക് കാല്ലിസ് സൗത്ത് ആഫ്രിക്കയില്‍
അതേസമയം, 42 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 153 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 387 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 199 പന്ത് നേരിട്ട് 104 റണ്‍സാണ് താരം അടിച്ചെടുത്തത്.
അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്സ് ടോട്ടലില്‍ നിര്‍ണായകമായി.
ഇന്ത്യയ്ക്കായി ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.
റൂട്ടിന്റെ സെഞ്ച്വറിക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. 177 പന്ത് നേരിട്ട താരം 100 റണ്‍സിന് മടങ്ങി.
112 പന്തില്‍ 74 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും 131 പന്തില്‍ 72 റണ്‍സടിച്ച രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റുമായി തിളങ്ങി. ബ്രൈഡന്‍ കാര്‍സും ഷോയ്ബ് ബഷീറുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content highlight: ENG vs IND: Joe Root Joe Root becomes 4th most runs in a country in Test