| Wednesday, 18th June 2025, 7:20 pm

ഞാന്‍ ഒരിക്കല്‍ പോലും വിരാടുമായി മത്സരിച്ചിരുന്നില്ല, അവനെ കുറിച്ച് ചിന്തിച്ചിരുന്നത് അങ്ങനെ മാത്രം: ജോ റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് കയ്യെത്തും ദൂരത്ത് നില്‍ക്കവെ, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് രോഹിത്തിന് പിന്നാലെ വിരാടും കളി മതിയാക്കിയത് എതിരാളികളെ പോലും അമ്പരപ്പിച്ചിരുന്നു.

ഇപ്പോള്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ട്. ഫാബ് ഫോറില്‍ വിരാടിനൊപ്പം ഇടം നേടിയ റൂട്ട്, താന്‍ ഒരിക്കലും വിരാട് കോഹ്‌ലിയുമായി മത്സരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ്. വിരാട് തന്റെ എതിരാളിയായിരുന്നില്ലെന്നും അദ്ദേഹത്തെ എല്ലായ്‌പ്പോഴും അഭിനന്ദിച്ചിരുന്നു എന്നും റൂട്ട് പറയുന്നു.

സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സാംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വിരാടിനെ ഒരിക്കലും ഒരു എതിരാളിയായി കണ്ടിരുന്നില്ല, അദ്ദേഹവുമായി ഒരിക്കലും ഞാന്‍ മത്സരിച്ചിരുന്നില്ല. ഞാന്‍ എല്ലായ്‌പ്പോഴും അഭിനന്ദിച്ചിരുന്ന താരമാണ് വിരാട്.

അദ്ദേഹത്തിന്റെ ബാറ്റിങ് രീതിയും വളരെ മികച്ചതായിരുന്നു. വൗ എന്തൊരു പ്ലെയര്‍ എന്നാണ് അവനെ കുറിച്ച് ചിന്തിച്ചിരുന്നത്. കളിക്കളത്തില്‍ വിരാടുമായുള്ള പോരാട്ടങ്ങള്‍ ഞാന്‍ മിസ് ചെയ്യും,’ റൂട്ട് പറഞ്ഞു.

അതേസമയം, വിരാട് വിരമിച്ചെങ്കിലും റൂട്ടിന്റെ വിരഗാഥ തുടരുകയാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ പല റെക്കോഡ് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസങ്ങളും വിരാടിന് മുമ്പിലുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനെയും ജാക് കാല്ലിസിനെയുമടക്കമുള്ള ഇതിഹാസങ്ങളെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനുള്ള അവസരമാണ് റൂട്ടിന് മുമ്പിലുള്ളത്.

ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 287 – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 280 – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 280 – 13,288

ജോ റൂട്ട് – ഇംഗ്ലണ്ട് – 279 – 13,006*

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472

ജൂണ്‍ 20നാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലീഡ്‌സിലെ ഹെഡിങ്‌ലിയാണ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടംഗ്, ക്രിസ് വോക്സ്.

Content Highlight: ENG vs IND: Joe Root about Virat Kohli

We use cookies to give you the best possible experience. Learn more